എവിടെയും രക്ഷയില്ലാതെ പാക്കിസ്ഥാന്‍, ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് പിന്തുണ കൂടുന്നു

മോദി വീണ്ടും അധികാരത്തില്‍ വന്നതോടെ ആകെ പേടിച്ച് വിറച്ചിരിക്കുകയാണിപ്പോള്‍ പാക്കിസ്ഥാന്‍. എന്തിനാണ് പാക്കിസ്ഥാന്‍ ഇത്രയേറെ പേടിക്കുന്നത് എന്നതാണ് ലോക മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

സാമ്പത്തികമായി ആകെ തകര്‍ന്ന പാക്കിസ്ഥാനെ കരകയറ്റാന്‍ ഇമ്രാന്‍ ഖാന്റെ ഒരു ചെപ്പടി വിദ്യക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. പാക്കിസ്ഥാനിലെ ജനങ്ങളും സൈന്യവും ആകെ പ്രതിസന്ധിയിലായി കഴിഞ്ഞു. ഏത് നിമിഷവും ഒരു പട്ടാള അട്ടിമറിയിലൂടെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ നിലം പൊത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. സൈന്യം തന്നെ അവരോധിച്ച ഇമ്രാന്‍ ഖാനെ അതേ സൈന്യം തന്നെ താഴെ ഇറക്കാനുള്ള സാധ്യത അന്തര്‍ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യയുമായുള്ള സംഘര്‍ഷവും ഭീകരരുടെ ഒളികേന്ദ്രമെന്ന പ്രതിച്ഛായയുമാണ് അന്താരാഷ്ട്ര സഹായം പാക്കിസ്ഥാന് ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. ചൈനയും സൗദിയും ആണ് പ്രധാനമായും പാക്കിസ്ഥാനെ സഹായിക്കുന്ന രാജ്യങ്ങള്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ചൈനക്ക് പോലും ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്നതാണ് യാഥാര്‍ഥ്യം.

മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍പ്പെടുത്തുന്നതിനെ ഇത്തവണ ചൈന എതിര്‍ക്കാതിരുന്നത് പാക്കിസ്ഥാനെ ഞെട്ടിച്ചിരുന്നു. ഇനിയും മസൂദ് അസഹറിനെതിരായ പ്രമേയം യു.എന്നില്‍ വീറ്റോ ചെയ്താല്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് ഭയന്നാണ് ചൈന നിലപാട് മാറ്റിയിരുന്നത്. പാക്കിസ്ഥാന് ചൈന നല്‍കി വന്നിരുന്ന ധനസഹായങ്ങളും വെട്ടിക്കുറച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പാക്ക് അധീന കാശ്മീരിലൂടെ ചൈന സ്ഥാപിക്കുന്ന സാമ്പത്തിക ഇടനാഴിയുടെ ഭാവിയിലും ചൈനക്കിപ്പോള്‍ ആശങ്കയുണ്ട്. ഈ പാത ഒടുവില്‍ ഭീകരര്‍ തന്നെ തകര്‍ക്കുമോ എന്ന ആശങ്കയിലാണ് ചൈനീസ് ഭരണകൂടം. ലക്ഷക്കണക്കിന് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ ചൈനയില്‍ തടവിലിട്ടിരിക്കുകയാണെന്ന ആരോപണമാണ് ഈ ആശങ്കകള്‍ക്ക് അടിസ്ഥാനം. മാത്രമല്ല ഇനിയും ഇന്ത്യക്ക് നേരെ ഭീകരരോ പാക്കിസ്ഥാനോ കടന്നാക്രമണത്തിന് മുതിര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും ചൈന ഭയക്കുന്നുണ്ട്.

പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുക എന്ന ലക്ഷൃത്തിലേക്ക് ഇന്ത്യ ഒടുവില്‍ ചെന്നെത്തുമെന്നാണ് ചൈന കരുതുന്നത്. സാമ്പത്തിക ശക്തി എന്നതിലുപരി ഒരു ആയുധ ശക്തിയാവാന്‍ ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ സാഹസം വേണ്ടന്ന മുന്നറിയിപ്പ് പാക്കിസ്ഥാന് ചൈന നല്‍കിയിട്ടുണ്ട്. ചൈനയുടെ ഈ മുന്നറിയിപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ നിലപാട് മയപ്പെടുത്തി പാക്ക് പ്രധാനമന്ത്രി ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.

ഏറ്റവും മോശമായ അവസ്ഥയിലാണ് ഇന്ത്യ- പാക്ക് ബന്ധമെന്നും എന്ത് തരത്തിലുള്ള ചര്‍ച്ചക്കും തയ്യാറാണെന്നുമാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. കശ്മീര്‍ പ്രശ്നമുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ മോദി പരിഹാരം കാണുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ വാര്‍ത്ത ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്റെ ഈ അഭിപ്രായ പ്രകടനം.

കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌ക്കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ രണ്ട് ദിവസം നീണ്ട സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദിയും ഇമ്രാനും എത്തിയിരുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം നിലനിര്‍ത്താന്‍ എന്ത് തരം ചര്‍ച്ചകള്‍ക്കും പാകിസ്ഥാന്‍ തയാറാണെന്നും മറ്റ് അയല്‍രാജ്യങ്ങളുമായും സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

പാകിസ്ഥാനില്‍ ഇപ്പോള്‍ ദാരിദ്ര്യമാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമ്മേളനത്തിലൂടെ ഇന്ത്യയുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചതിലും ഇമ്രാന്‍ നന്ദി അറിയിച്ചു.എന്നാല്‍, തീവ്രവാദത്തെ ഇല്ലാതാക്കാന്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും കാര്യമായ ശ്രമം ഉണ്ടാതിരിക്കുന്നിടത്തോളം കാലം, ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യയ്ക്ക് യാതൊരു താല്‍പ്പര്യവും ഇല്ലെന്നാണ് പ്രധാനമന്ത്രി മോദി തുറന്നടിച്ചത്.

സമ്മേളനത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനില്‍ നിന്നും ഉണ്ടാകുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ചും രാജ്യതലവന്മാര്‍ ചര്‍ച്ച ചെയ്തു.

അതേസമയം പാക്കിസ്ഥാനിലെ തീവ്രവാദ ക്യാംപുകള്‍ മുഴുവന്‍ നശിപ്പിച്ചാലേ ഭീകരവാദത്തിനെതിരായ പോരാട്ടം വിജയം കാണൂ എന്ന നിലപാടില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുകയാണ്. വീണ്ടും മിന്നല്‍ ആക്രമണം നടത്തും എന്ന സൂചനയായിട്ടാണ് ഈ നിലപാടിനെ ലോക രാഷ്ട്രങ്ങള്‍ നോക്കി കാണുന്നത്.സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ഇന്ത്യന്‍ നീക്കവും പാക്കിസ്ഥാനെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്.

ഇതിനിടെ ഇന്ത്യയും അമേരിക്കയും തമ്മില്‍ രണ്ട് സുപ്രധാന പ്രതിരോധ കരാറില്‍ ഉടന്‍ ഒപ്പുവച്ചേക്കുമെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. ഐ.എസ്.എ, ബിഇസിഎ എന്നീ കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങളും ചര്‍ച്ചകളും ഉടന്‍ തന്നെ തുടങ്ങും.

ഇരുരാജ്യങ്ങളും തമ്മിലുള്ള 2+2 ചര്‍ച്ചയിലാണ് ഇതു സംബന്ധമായ നിര്‍ണായക തീരുമാനമുണ്ടാകുക. അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍, ഐഎസ്എ കരാറിന്റെ കരട് രൂപം പ്രതിരോധ മന്ത്രാലയത്തിന് നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇതിനോട് ഇന്ത്യ അനുകൂലമായാണ് പ്രതികരിച്ചിരുന്നത്. അടുത്ത 2+2 ചര്‍ച്ചയില്‍ കരാര്‍ സംബന്ധിച്ച ചട്ടക്കൂടുകള്‍ തയ്യാറാക്കും. അടുത്ത 2+2 ചര്‍ച്ച വാഷിങ്ടണില്‍ വച്ചാണ് നടക്കുക എന്നാണ് ലഭിക്കുന്ന വിവരം.

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

Top