ഇന്ത്യ-പാക്ക് വിഷയത്തില്‍ ആഗോള ഇടപെടല്‍ വേണം; ഇമ്രാന്‍ ഖാന്റെ ആവശ്യം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: കശ്മീരില്‍ വിഷയത്തില്‍ ആഗോള ഇടപെടല്‍ വേണമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ആവശ്യം തള്ളി ഇന്ത്യ. പരിഭ്രാന്തി പരത്താനുള്ള പാക്കിസ്ഥന്റെ പരിശ്രമം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയുടെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഎന്നും അമേരിക്കയും ഇടപെടണമെന്ന ഇമ്രാന്‍ ഖാന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ ഇന്ത്യയുടെ സ്ഥാനം വ്യക്തമാണ്. വര്‍ഷങ്ങളായി അത് സ്ഥിരമായി തന്നെ തുടരുന്നുമുണ്ട്. ഇതെല്ലാം ഉഭയകക്ഷി പ്രശ്നങ്ങളാണ്, ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ചര്‍ച്ച ചെയ്യേണ്ടത്. ഈ സാഹര്യത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം രാജ്യത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഇമ്രാന്‍ ഖാന്‍ ആദ്യം ശ്രമിക്കേണ്ടത്. ഇത്തരം പ്രശ്നങ്ങള്‍ പങ്കുവെക്കാനുള്ള ഇടമല്ല ലോക സാമ്പത്തിക ഉച്ചകോടിയെന്നും രവീഷ് അഭിപ്രായപ്പെട്ടു.

സ്വയം തീവ്രവാദത്തിന്റെ ഇരകളാണെന്ന് നടിക്കുമ്പോള്‍തന്നെ വര്‍ഗീയവാദികളെ പോറ്റിവളര്‍ത്തി ഇന്ത്യയിലും മറ്റുരാജ്യങ്ങളിലും തീവ്രവാദം വ്യാപിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും രവീഷ് കൂട്ടിച്ചേര്‍ത്തു.

Top