ആരോഗ്യനിലയില്‍ പുരോഗതി; പെലെയെ ഐസിയുവില്‍ നിന്നും മാറ്റി

സാവോ പോളോ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഫുട്ബോള്‍ ഇതിഹാസം പെലെയെ ഐസിയുവില്‍ നിന്നും മാറ്റി. പെലെയെ പ്രവേശിപ്പിച്ചിട്ടുള്ള സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രി അധികൃതരാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.

ഐസിയുവില്‍ നിന്നും മാറ്റിയതിന് പിന്നാലെ 90 മിനിറ്റും അധിക സമയവും കളിക്കാന്‍ താന്‍ തയ്യാറാണെന്ന് 80കാരനായ പെലെ പ്രതികരിച്ചു. സ്നേഹ സന്ദേശങ്ങള്‍ക്ക് നന്ദി പറയുന്നതായും തനിക്ക് ലഭിച്ച ആയിരക്കണക്കിന് സന്ദേശങ്ങള്‍ വായിച്ചിട്ടില്ലെന്ന് ഒരു നിമിഷം പോലും ചിന്തിക്കരുതെന്നും അദ്ദേഹം സമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 31ന് മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയുടെ വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ നാലിനാണ് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.

 

Top