ആധാര്‍ ഉപയോഗിച്ച് വ്യക്തികളെ നിരീക്ഷിക്കാനാവില്ലെന്ന് കേന്ദ്രം

Aadhar card

ന്യൂഡല്‍ഹി: ആധാര്‍ ഉപയോഗിച്ച് വ്യക്തികളെ നിരീക്ഷിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

ആധാര്‍ കാര്‍ഡിന്റെ ചുമതലയുള്ള യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സുപ്രിം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

കോടതി അനുവദിച്ചാല്‍ പോലും ആധാര്‍ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്ത രീതിയിലാണ് സുരക്ഷാ സംവിധാനങ്ങളെന്നും യുഐഡിഎഐ സുപ്രിം കോടതിയില്‍ വ്യക്തമാക്കി. ആധാറും സ്വകാര്യതയും ചോദ്യം ചെയ്തുള്ള ഹര്‍ജയിയില്‍ വാദം കേള്‍ക്കവെ ആയിരുന്നു ഇത്.

അതേസമയം ഇന്റര്‍നെറ്റില്‍ ഒന്നും സ്വകാര്യമാക്കി വയ്ക്കാനാവില്ലെന്ന് കേസ് പരിഗണിക്കുന്നതിനിടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനു മുന്‍പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ചൂണ്ടിക്കാട്ടി.

2009-ലാണ് യുഐഡിഎഐ ആദ്യമായി വ്യക്തിഗത ആധാര്‍ നമ്പറുകള്‍ പ്രാബല്യത്തില്‍ വരുത്തിയത്. എന്നാല്‍ ഇതിന് നിയമസാധുത നല്‍കാനാവില്ലെന്ന് പാര്‍ലമെന്റ് വ്യക്തമാക്കി. യുഐഡിഎഐക്ക് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കണമെന്നിരിക്കെയാണ് ഇതിന് നിമസാധുത നല്‍കുന്നതിന് പാര്‍ലമെന്റ് അനുമതി നിഷേധിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തോടോ ആധാര്‍ വ്യക്തികള്‍ക്ക് നിര്‍ബന്ധമാക്കാന്‍ അനുമതി ലഭിച്ചു.

നിയമത്തിന്റെ പരിരക്ഷ ഇല്ലാതെ വ്യക്തിഗതവിവരങ്ങള്‍ ശേഖരിക്കാന്‍ മറ്റൊരു ഏജന്‍സിക്ക് അനുമതി നല്‍കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കാലങ്ങളായി കോടതി വാദം കേള്‍ക്കുകയാണ്. സ്വകാര്യതയ്ക്കുള്ള വ്യക്തികളുടെ അവകാശത്തെ മുന്‍നിര്‍ത്തിയാണ് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ഉയരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ വിവരശേഖരത്തേയും സ്വകാര്യതയ്ക്കുള്ള അവകാശത്തേയും ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനെ സുപ്രീം കോടതി നിയമിക്കുകയായിരുന്നു.

ആധാര്‍ വിവരങ്ങള്‍ക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്നും എന്നാല്‍ അത് ഭരണഘടന ഉറപ്പാക്കുന്ന അവകാശമല്ലെന്നുമായിരുന്നു വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റേയും ചില സംസ്ഥാന സര്‍ക്കാരുകളുടേയും നിലപാട്. സ്വകാര്യത മൗലികാവകാശമാണെന്ന കേന്ദ്രനിലപാടില്‍ കേരളവും സുപ്രിം കോടതിയില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്. സ്വകാര്യതയിലുള്ള ഏകപക്ഷീയമായ കൈകടത്തല്‍ അനുവദിക്കാനാവില്ലെന്ന് കേരളം ചൂണ്ടിക്കാട്ടി.

Top