രാത്രി കര്‍ഫ്യൂ, പകല്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലി; യോഗി സര്‍ക്കാരിനെതിരെ വീണ്ടും വരുണ്‍ ഗാന്ധി

ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തും, എന്നിട്ട് പകല്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കുകയാണെന്നും വരുണ്‍ ഗാന്ധി വിമര്‍ശിച്ചു.

സാധാരണക്കാരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതിനും അപ്പുറമാണിത്. ഉത്തര്‍പ്രദേശിന്റെ പരിമിതമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഭയാനകമായ ഒമിക്രോണ്‍ വ്യാപനം തടയുന്നതിനാണോ അതോ തെരഞ്ഞെടുപ്പ് ശക്തി പ്രകടനത്തിനാണോ മുന്‍ഗണന നല്‍കേണ്ടതെന്ന് സത്യസന്ധമായി തീരുമാനിക്കണമെന്ന് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ. വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവക്ക് 200ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം നിരവധി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇതിനെതിരെയാണ് പരസ്യവിമര്‍ശനവുമായി വരുണ്‍ ഗാന്ധി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

Top