ബിസിസിഐ ഭാരവാഹികൾക്ക് ഇന്ന് നിർണായകം; സൗരവ് ഗാംഗുലിക്ക് സ്ഥാനമൊഴിയേണ്ടിവരുമോ?

ഡൽഹി: ബിസിസിഐ ഭാരവാഹികൾക്ക് സുപ്രീംകോടതിയിൽ ഇന്ന് നിർണായകം. ലോധാ സമിതി നിർദ്ദേശം അനുസരിച്ച് തയ്യാറാക്കിയ ഭരണഘടനയിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും. തുടർച്ചയായി 3 വർഷം ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനിലോ ഭാരവാഹിത്വം വഹിക്കാൻ കഴിയില്ലെന്ന ചട്ടത്തിൽ ഇളവ് വേണമെന്നാണ് ബോർഡിൻറെ ആവശ്യം.

ബിസിസിഐയുടെ ഹർജി തള്ളിയാൽ പ്രസിഡൻറ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ജോയിൻറ് സെക്രട്ടറി ജയേഷ് ജോർജ് തുടങ്ങിയവർക്ക് സ്ഥാനമൊഴിയേണ്ടിവരും. ബിസിസിഐ ആവശ്യത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് കൃഷ്‌ണ മുരാരി, ജസ്റ്റിസ് ഹിമാ കോഹ്‌ലി എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബിസിസിഐക്കായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ സുപ്രീംകോടതിയിൽ ഹാജരാകും.

ബിസിസിഐ പ്രസിഡൻറ് പദവിയിൽ എത്തും മുമ്പ് 2014ൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻറെ സെക്രട്ടറിയായിരുന്നു സൗരവ് ഗാംഗുലി. ഇതിന് ശേഷം 2015 മുതൽ 2019 വരെ പ്രസിഡൻറായി. 2019 ഒക്ടോബറിലാണ് ഇന്ത്യൻ മുൻ നായകൻ ബിസിസിഐയുടെ തലവനായി ചുമതലയേറ്റത്. ജയ് ഷായാവട്ടെ 2014 മുതൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻറെ ജോയിൻറ് സെക്രട്ടറിയായിരുന്നു. നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻറെ പ്രസിഡൻറ് കൂടിയാണ് ജയ് ഷാ.

Top