ഇറക്കുമതിയെ ആശ്രയിക്കുന്ന മുന്‍ സര്‍ക്കാര്‍ ശൈലിയാണ് ഇന്ധന വിലയ്ക്ക് കാരണം; മോദി

ന്യൂഡല്‍ഹി: ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന മുന്‍ സര്‍ക്കാരുകളുടെ ശൈലിയാണ് ഇന്ധനവിലയ്ക്ക് കാരണമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നതോടെയാണ് പ്രധാനമന്ത്രി പ്രസ്ഥാവനയുമായി എത്തിയിരിക്കുന്നത്. ഊര്‍ജ്ജത്തിനായി ഇന്ത്യയ്ക്ക് ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടി വന്നതാണ് ഇപ്പോള്‍ മധ്യവര്‍ഗത്തിലുള്ള കുടുംബങ്ങള്‍ സഹിക്കേണ്ടി വരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാവുന്ന മാറ്റം രാജ്യത്തെ ഇന്ധനവിലയേയും സാരമായി ബാധിക്കുന്നുണ്ട്. ഇത്രയും വൈവിധ്യമുള്ള ഒരു രാജ്യത്തിന് ഈര്‍ജ്ജ സംബന്ധിയായി ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. താനാരെയും പഴിക്കുന്നില്ല, എങ്കിലും ഈ വിഷയം നേരത്തെ പരിഗണിച്ചിരുന്നുവെങ്കില്‍ മധ്യവര്‍ഗത്തിലുള്ളവര്‍ ഇപ്പോള്‍ ഇത്രയധികം ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ലെന്നും മോദി വ്യക്തമാക്കി.

മധ്യവര്‍ഗ്ഗത്തിലെ കുടുംബങ്ങളെയാണ് സര്‍ക്കാര്‍ പ്രധാനമായും പരിഗണിക്കുന്നത്. കരിമ്പില്‍ നിന്ന് എഥനോള്‍ നിര്‍മ്മിക്കുന്നത് കര്‍ഷകര്‍ക്ക് വരുമാനത്തിനുള്ള അവസരമാണ് ഒരുക്കുന്നത്. പുനരുപയോഗിക്കാനുന്ന രീതിയിലുള്ള ഊര്‍ജ്ജ ഉല്‍പാദനത്തിന് ഇത്തരത്തില്‍ പരിഗണന നല്‍കേണ്ടതുണ്ട്. പൊതുഗതാഗതം കൂടുതലായി ആശ്രയിക്കുന്നതിനും, എല്‍ ഇ ഡി ബല്‍ബുകള്‍, സൗരോര്‍ജ്ജം എന്നിവയ്‌ക്കെല്ലാം കൂടുതല്‍ പരിഗണന വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തുടര്‍ച്ചയായി പതിനൊന്നാം ദിവസമാണ് പെട്രോള്‍-ഡീസല്‍ വില കൂടിയത്. കൂടുന്ന ഇന്ധനവിലയുടെ പരമാവധി നേട്ടമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ നികുതി കൂട്ടുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. റീട്ടെയില്‍ വില്‍പന വിലയുടെ അറുപത് ശതമാനം തുക പെട്രോള്‍ വിലയില്‍ നികുതിയിനത്തില്‍ ഈടാക്കുമ്പോള്‍ ഡീസല്‍ വിലയില്‍ ഇത് 54 ശതമാനമാണ്.

Top