റോഡുനിയമങ്ങള്‍ കര്‍ശനമാക്കി; നിയമങ്ങള്‍ പാലിച്ചാല്‍ കീശ കാലിയാകില്ല

കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ ഭേദഗതികള്‍ വീണ്ടും കര്‍ശനമാക്കുന്നു. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ ഇരട്ടിയാക്കിയാണ് നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. ഹെല്‍മറ്റില്ലാതെ നിരത്തിലിറങ്ങിയാല്‍ 1000 രൂപയാണ് ഇനിമുതല്‍ പിഴ ഈടാക്കുന്നത്.

ഓരോ നിയമലംഘനത്തിനും പിഴത്തുക കുത്തനെ കൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം നിരത്തിലിറക്കിയില്‍ മാതാപിതാക്കള്‍ക്കും ശിക്ഷയുണ്ട്. രക്ഷാകര്‍ത്താവ് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. വാഹനമോടിയച്ചയാള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ 25 വയസ്സ് വരെ കാത്തുനില്‍ക്കണം. കൂട്ടത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ റിഫ്രഷര്‍ കോഴ്‌സുകളും നിര്‍ബന്ധിത സാമൂഹിക സേവനവും നിയമലംഘകര്‍ക്ക് ബാധകമായിരിക്കും.

മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി മുതല്‍ പിഴയൊടുക്കേണ്ടി വരിക 10,000 രൂപ. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 5,000 രൂപയാണ് ഇനി പിഴ ചുമത്തുക. അമിത വേഗതയില്‍ വാഹനമോടിക്കുന്നതിന് 1,000 രൂപയാണ് പിഴ. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2,000 രൂപയും. കൂടാതെ മത്സരയോട്ടത്തിന് 5,000, അപകടകരമായി ഡ്രൈവിങിന് 5,000, പെര്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ 10,000 സീറ്റ് ബെല്‍റ്റോ ഹെല്‍മറ്റോ ഇല്ലെങ്കില്‍ 1,000, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതിരുന്നാല്‍ 10,000, ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ 2,000 എന്നിങ്ങനെയാണ് പുതുക്കിയ പിഴ തുക.

Top