അമിത്ഷാ – കെജ്രിവാള്‍ പോരാട്ടമല്ല വേണ്ടത്, ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കാത്ത സംവിധാനമാണ്

ന്യൂഡല്‍ഹി: എല്ലാ കോവിഡ് രോഗികളും വൈദ്യപരിശോധനയ്ക്കായി സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ എത്തണമെന്ന നിയമം കേന്ദ്രസര്‍ക്കാര്‍ എടുത്തു കളയണമെന്ന ആവശ്യവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത്.

ഇതേ ആവശ്യമുന്നയിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായ്ജാലിന് കത്തെഴുതിയിട്ടുണ്ടെന്നും പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും സിസോദിയ പറഞ്ഞു.

‘ഇത് അമിത്ഷായുടെ മോഡലും കെജ്രിവാളിന്റെ മോഡലും തമ്മിലുള്ള പോരാട്ടമല്ല. ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കാത്ത സംവിധാനമാണ് നമ്മള്‍ പ്രാവര്‍ത്തികമാക്കേണ്ടത്.’ സിസോദിയ പറഞ്ഞു.

പുതിയ സംവിധാനം കാരണം ജനങ്ങള്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ജില്ലാ അധികാരികള്‍ കോവിഡ് രോഗിയുടെ വീട് സന്ദര്‍ശിച്ച് വൈദ്യപരിശോധന നടത്തുന്ന പഴയ രീതി പുനഃസ്ഥാപിക്കണമെന്നും സിസോദിയ പറഞ്ഞു.

അതേസമയം, കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജൂലായ് ആറിനകം ഡല്‍ഹിയിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുകയാണ്.

സര്‍ക്കാറിന്റെ പുതിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ട എല്ലാ വീടുകളിലും ജൂണ്‍ 30നകം പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലായ് അറിനകം കണ്ടെയ്ന്മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലും വീടുകള്‍ കയറിയുള്ള പരിശോധന പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ കോവിഡ് വ്യാപനതോത് തിരിച്ചറിയാന്‍ ജൂണ്‍ 27 മുതല്‍ സിറോ സര്‍വ്വേ ആരംഭിക്കും. എന്‍.സി.ഡി.സിയുമായി ചേര്‍ന്ന് നടത്തുന്ന സര്‍വ്വേയുടെ ഫലം ജൂലായ് പത്തോടെ ലഭിക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, നിലവില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാമതാണ് ഡല്‍ഹി. 66,602 പേര്‍ക്ക് ഡല്‍ഹിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. 2301 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മാത്രം 3947 പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു.

Top