അമിത് ഷായുടെ പേരില്‍ ആള്‍മാറാട്ടം;ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

ബറേലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയി ആള്‍മാറാട്ടം നടത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമിത് ഷാ ആണെന്ന പേരില്‍ മുന്‍ എംഎല്‍എയെ നിരവധി തവണ വിളിക്കുകയും പണം നല്‍കിയാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. രവീന്ദ്ര മൗര്യ എന്നയാളെയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി ഷാഹിദിനായുള്ള തിരച്ചില്‍ തുടരുകയാണ്.

ജനുവരി 4 മുതല്‍ ജനുവരി 20 വരെ ഒമ്പത് തവണ മൗര്യ മുന്‍ ബിജെപി എംഎല്‍എ കിഷന്‍ലാല്‍ രാജ്പുത്തിനെ ഫോണില്‍ വിളിച്ചിരുന്നു. തന്നെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ മൗര്യ സിം തകര്‍ത്തിരുന്നു. ഇത് പിന്നീട് ഹരീഷ് എന്നയാളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29 നാണ് താന്‍ സിം വാങ്ങിയതെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഹരീഷ് പറഞ്ഞു.

കവര്‍ച്ച, വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ക്കും ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ട്രൂകോളറില്‍ ‘ആഭ്യന്തര മന്ത്രാലയം ഡല്‍ഹി, കേന്ദ്ര സര്‍ക്കാര്‍’ എന്ന് മാറ്റിയതിന് ശേഷമായിരുന്നു എംഎല്‍എയെ പ്രതികള്‍ വിളിച്ചത്. ഇരുവരും ചേര്‍ന്നാണ് ഇത് ചെയ്തതെന്നും ഒളിവില്‍ പോയ ഷാഹിദ് നേരത്തെയും സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Top