ഹൈക്കോടതി അഭിഭാഷകനായി ചമഞ്ഞ് ആള്‍മാറാട്ടം; വ്യാജ അഭിഭാഷകന്‍ അറസ്റ്റില്‍

കെനിയ: ഹൈക്കോടതി അഭിഭാഷകനായി ചമഞ്ഞ് 26 കേസുകള്‍ വാദിച്ച് ജയിച്ച വ്യാജ അഭിഭാഷകന്‍ അറസ്റ്റില്‍. കെനിയ ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ 26 കേസുകളില്‍ വിജയിച്ച ബ്രയാന്‍ മ്വെന്‍ഡയെന്നയാളാണ് പൊലീസ് പിടിയിലായത്.

നൈജീരിയന്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം കോടതിയില്‍ ഈ വ്യാജവക്കീല്‍ വാദിച്ച കേസുകളെല്ലാം മജിസ്‌ട്രേറ്റ്, അപ്പീല്‍ കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് മുന്നിലാണെത്തിയത്. എന്നാല്‍ ഒരാള്‍ക്ക് പോലും ബ്രയാന്‍ വ്യാജനാണെന്ന് സംശയം തോന്നിയില്ല. ഇയാളുടെ അറസ്റ്റ് നടക്കുന്നത് വരെ നൂറുകണക്കിന് കേസുകള്‍ കൈകാര്യം ചെയ്ത ജഡ്ജിമാര്‍ക്ക് പോലും കള്ളത്തരം കണ്ടുപിടിക്കാനായില്ല.

കെനിയയിലെ ലോ സൊസൈറ്റിയുടെ നെയ്‌റോബി ബ്രാഞ്ചിന്റെ റാപ്പിഡ് ആക്ഷന്‍ ടീമാണ് ബ്രയാനെതിരെ നിയമനടപടിക്കൊരുങ്ങിയത്. പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ധാരാളമായി പല തരത്തില്‍ വന്നതോടെയാണ് വ്യാജന്‍ പിടിയിലായത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ലോ സൊസൈറ്റിയിലെ ഒരംഗം പോലുമല്ല ബ്രയാനെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. ഇതോടെ നടപടികളിലേക്ക് കടക്കുകയായിരുന്നു. നിലിവല്‍ പൊലീസ് കസ്റ്റഡിയിലാണ് ഇയാള്‍. പൊലീസ് പറയുന്നതനുസരിച്ച് തന്റെ പേരിനോട് സാമ്യമുള്ള മറ്റൊരു അഭിഭാഷകന്റെ പേരിലുള്ള അക്കൗണ്ട് തട്ടിപ്പിലൂടെ ഉപയോഗിച്ച ഇയാള്‍ സ്വന്തം ഫോട്ടോ അപ് ലോഡ് ചെയ്യുകയായിരുന്നു. എന്നാല്‍ അക്കൗണ്ടിന്റെ യഥാര്‍ത്ഥ ഉടമ പിന്നീട് തനിക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയാതെ വന്നതോടെ ഐടി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിലാണ് ബ്രിയാന്‍ പിടിക്കപ്പെട്ടത്.

Top