മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരായ ആക്ഷേപ പരാമര്‍ശം; ബി.ജെ.പി മുന്‍ മന്ത്രിക്കെതിരെ കേസ്

ബംഗളൂരു: കര്‍ണാടകയിലെ പൊതുയോഗത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ നടത്തിയ ആക്ഷേപകരമായ പരാമര്‍ശത്തില്‍ ബി.ജെ.പി മുന്‍ മന്ത്രിക്കെതിരെ കേസ്. വ്യാഴാഴ്ച ദലിത് നേതാവ് ഹര്‍ഷേന്ദ്ര കുമാര്‍ തീര്‍ത്ഥഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഖാര്‍ഗെക്കെതിരെ നടത്തിയ ജാതീയ അധിക്ഷേപം ദലിത് വിഭാഗത്തിന് ദുഖമുണ്ടാക്കിയെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി നേതാവിനെതിരെ പട്ടികജാതി-പട്ടികവര്‍ഗ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പൊതുവേദിയില്‍ ഇത്തരം ജാതീയ അധിക്ഷേപങ്ങള്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച കര്‍ണാടകയിലെ ശിവമോഗ്ഗയില്‍ നടന്ന യോഗത്തിനിടെയായിരുന്നു ഖാര്‍ഗെയുടെ നിറത്തെ ചൊല്ലിയുള്ള ബി.ജെ.പി മുന്‍ മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പരാമര്‍ശം. പശ്ചിമഘട്ടത്തെ കുറിച്ചുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഖാര്‍ഗെയുടെ പ്രദേശമായ കല്യാണ്‍ മേഖലയില്‍ നിന്നുള്ള കര്‍ണാടക വനംവകുപ്പ് മന്ത്രി ഈശ്വര്‍ ഖാണ്ഡ്രെയേയും അദ്ദേഹം പരിഹസിച്ചിരുന്നു.

കാടില്ലാത്ത പ്രദേശത്ത് നിന്നുള്ള വ്യക്തിയാണ് നമ്മുടെ വനം വകുപ്പ് മന്ത്രിയെന്നത് കര്‍ണാടകയിലെ ജനങ്ങളുടെ ദുര്‍ഗതിയാണ്. അവര്‍ക്ക് മരമെന്താണെന്നോ ചെടി എന്താണെന്നോ തണലെന്താണെന്നോ അറിയില്ല. കൊടുചൂടില്‍ അവിടത്തെ ജനങ്ങള്‍ കറുപ്പാകുകയാണെന്നും അത് ഖാര്‍ഗെയെ നോക്കിയാല്‍ മനസിലാകുമെന്നുമായിരുന്നു ജ്ഞാനേന്ദ്രയുടെ പരാമര്‍ശം.

ബുധനാഴ്ച ബംഗളൂരു പൊലീസ് സ്റ്റേഷനിലും വിഷയം സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. വിഷയത്തില്‍ ജ്ഞാനേന്ദ്രയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് ബി.ജെ.പിക്ക് നിര്‍ദ്ദേശം നല്‍കി.സംഭവത്തിനെതിരെ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജ്ഞാനേന്ദ്രയുടെ വാക്കുകള്‍ അദ്ദേഹത്തിന്റേത് മാത്രമല്ല മറിച്ച് ആര്‍.എസ്.എസ് ആസ്ഥനമായ കേശവകൃപയില്‍ നിന്ന് കൂടി സ്വാധീനത്താലാണെന്നും പ്രിയങ്ക് ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു. തന്റെ വാക്കുകള്‍ വിവാദമായതോടെ ജ്ഞാനേന്ദ്ര ക്ഷമാപണവും നടത്തിയിരുന്നു.

Top