നിഷ്പക്ഷ നീതി നിർവ്വഹണം സാധ്യം, വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതം

ഭ്യന്തര വകുപ്പിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നു വരുന്ന ആക്ഷേപങ്ങൾ, വസ്തുതകൾക്ക് നിരക്കാത്തതാണ്. യു.ഡി.എഫിൻ്റെ കാലത്തെ പൊലീസ് ഭരണവും ഇടതുപക്ഷ കാലത്തെ പൊലീസ് ഭരണവും തമ്മിൽ ഒരു താരതമ്യത്തിന് പോലും പ്രസക്തിയില്ല. ഖദറിട്ടവർ മുഴുവൻ, പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്ന സാഹചര്യമായിരുന്നു യു.ഡി.എഫ് ഭരണകാലത്തുണ്ടായിരുന്നത്. പൊലീസുകാരുടെ സംഘടന, ഐ.പി.എസുകാരുടെ നിയമനം പോലും നിശ്ചയിച്ചിരുന്ന ഒരു കാലം കൂടിയായിരുന്നു അത്.

എന്തിനേറെ, മുതലാളിമാർ മുതൽ, സാമുദായിക നേതാക്കൾ വരെ, അക്കാലത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലും വ്യാപകമായി ഇടപെട്ടിരുന്നു. ജാതിയും, മതവും, വ്യക്തി താൽപ്പര്യവും, ഗ്രൂപ്പ് താൽപര്യവും മുൻ നിർത്തി തന്നെയാണ്, ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും, നിയമനങ്ങൾ നടത്തിയിരുന്നത്. അതു കൊണ്ടാണ് മുഖ്യമന്ത്രിയായിരുന്ന സാക്ഷാൽ ഉമ്മൻ ചാണ്ടിക്ക് വരെ, കുരുക്ക് വീണിരുന്നത്. സോളാർ കേസിൽ ആദ്യ അന്വേഷണ ഉദ്യാഗസ്ഥനായിരുന്ന ഡി.വൈ.എസ്.പിയും, റേഞ്ച് ഐ.ജിയുമെല്ലാം ചെന്നിത്തലയോട് കാണിച്ച, അതിര് കവിഞ്ഞ വിധേയത്തത്തിന് പിന്നിൽ, താൽപ്പര്യങ്ങൾ പലതുണ്ട്.

അത് പുറം ലോകത്തിന് അറിയില്ലങ്കിലും, കാക്കിപ്പടക്ക് എന്തായാലും നിഷേധിക്കാൻ കഴിയുന്നതല്ല. ഇത്തരം നെറികെട്ട ഒരു നീക്കവും ആരോടും ,ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ നടത്തിയിട്ടില്ല. സോളർ കേസിൽ തുടർ നടപടിക്ക് നിർദ്ദേശം നൽകിയിരുന്നത്, യു.ഡി.എഫ് സർക്കാർ വച്ച സോളാർ കമ്മിഷൻ്റെ റിപ്പോർട്ട് പ്രകാരമാണ്. ഒരു വെട്ടലും തിരുത്തലും ഈ റിപ്പോർട്ടിൽ സർക്കാർ ഇടപെട്ട് വരുത്തിയിട്ടില്ല. മഞ്ചേശ്വരം എം.എൽ.എ ഖമറുദ്ദീൻ വഞ്ചനാ കേസിൽപ്പെട്ടത്, ലീഗ് പ്രവർത്തകർ അടക്കം നൽകിയ പരാതിയിൻമേലാണ്.

പാലാരിവട്ടം പാലം അഴിമതിയിൽ, മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് കുടുങ്ങിയത് ഐ.എ.എസ് ഓഫീസറായ ടി.ഒ സൂരജ് നൽകിയ മൊഴിയെ തുടർന്നാണ്. ഇപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് കുരുക്ക് വീണിരിക്കുന്നതാകട്ടെ, ബാറുടമ ബിജു രമേശ് നൽകിയ പരാതിയിൻമേലാണ്. ഇതിലൊന്നും രാഷ്ട്രീയ പ്രേരിതമായ ഒരു നടപടിയും, ആർക്കും ആരോപിക്കാൻ പോലും കഴിയുന്നതല്ല. ലോക്കൽ പൊലീസും, ക്രൈംബ്രാഞ്ചും വിജിലൻസുമെല്ലാം, എവിടെയൊക്കെ റെയ്ഡ് നടത്തണം, നടത്തരുത് എന്നൊക്കെ എഴുതി കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നല്ല, അത് ബന്ധപ്പെട്ട അന്വേഷണ മേധാവികളുടെ വിവേചന അധികാരത്തിൽപ്പെട്ടതാണ്. സ്വതന്ത്രമായി തന്നെയാണ് ഈ വിഭാഗങ്ങളെല്ലാം പ്രവർത്തിക്കേണ്ടത്.

കെ.എസ്.എഫ്.ഇ യിൽ വിജിലൻസ് റെയ്ഡ് നടന്നതും, അതിൻ്റെ ഭാഗം തന്നെയാണ്. ധനകാര്യവകുപ്പ് മന്ത്രി എന്ന നിലയിൽ തോമസ് ഐസക്ക് റെയ്ഡിനെ ചോദ്യം ചെയ്തതിനെ, പാർട്ടിയിലെയും, സർക്കാറിലെയും ഭിന്നിപ്പായി ചെന്നിത്തലയും ചിത്രീകരിക്കേണ്ടതില്ല. സ്വാഭാവികമായ പ്രതികരണം മാത്രമാണ് തോമസ് ഐസക്കിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. “പാളയത്തിൽ പട പുറപ്പാട് മുഖ്യമന്ത്രിക്കെതിരെയല്ല, ചെന്നിത്തലയ്ക്ക് എതിരെയാണ് ഉയർന്നിരിക്കുന്നത്. ആദ്യം സ്വന്തം നില ഭദ്രമാക്കിയിട്ട് വേണം,പ്രതിപക്ഷ നേതാവ് വിമർശനങ്ങൾ ഉന്നയിക്കുവാൻ. തനിക്കെതിരായ, വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട്, ചെന്നിത്തല ഗവർണർക്ക് നൽകിയ കത്തിലെ കള്ളവും ഇതിനകം തന്നെ പൊളിഞ്ഞു കഴിഞ്ഞിട്ടുണ്ട്.

കെ.എസ്.എഫ്.ഇ.യിൽ വിജിലൻസ് നടത്തിയത് ശരിയും, ചെന്നിത്തലക്ക് എതിരെ നടത്തുന്നത് തെറ്റും ആകുന്നത് എങ്ങനെയാണ് …? ഈ ചോദ്യത്തിന് ചെന്നിത്തല തന്നെയാണ് ഇനി മറുപടി നൽകേണ്ടത്. വ്യാജ വാർത്തകളും, വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനായി, പിണറായി സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയാണ്, വിവാദമുണ്ടാക്കിയ മറ്റൊരു സംഭവം. ഇക്കാര്യത്തിൽ ഒരിക്കലും, സർക്കാറിൻ്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാൻ കഴിയുകയില്ല. മാധ്യമ പ്രവർത്തകരും ഉദ്യോഗസ്ഥരും മുതൽ, സാധാരണക്കാർ വരെ നിരന്തരം വേട്ടയാടപ്പെടുന്നത്, സോഷ്യൽ മീഡിയകളിലൂടെയാണ്.ഇതിന് ഒരു അറുതി വരുത്തേണ്ടത് അനിവാര്യം തന്നെയാണ്.

പൊലീസ് നിയമ ഭേദഗതി കൊണ്ടു വന്നതും അതിനു വേണ്ടിയാണ്. എന്നാൽ, ഇതു സംബന്ധമായി വ്യാപകമായ ആശങ്ക ഉയർന്ന സാഹചര്യത്തിൽ, സർക്കാർ തന്നെ അത് പിൻവലിക്കുകയുണ്ടായി. നിയമസഭയിൽ അവതരിപ്പിച്ച് ആവശ്യമായ മാറ്റം വരുത്തിയേ, നിയന്ത്രണങ്ങൾ കൊണ്ടു വരൂ എന്നാണ്, മുഖ്യമന്ത്രി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സ്വാഗതാർഹമായ നിലപാടാണിത്. പ്രമുഖ സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണെ പോലെയുള്ള വിമശകർ പോലും, കയ്യടിച്ച് പോയ പ്രതികരണമായിരുന്നു അത്. ജനഹിതമറിഞ്ഞ് നടപ്പാക്കാൻ ശ്രമിച്ച ഒരു നിയമത്തെ, പൊതു സമൂഹത്തിൽ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചതിൽ, മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്.

പൊലീസ് ഭേദഗതി നിയമം ദുരുപയോഗം ചെയ്യാതിരിക്കാൻ, നടപടി അനിവാര്യം തന്നെയാണ്. അതുപോലെ, വ്യക്തി ഹത്യക്കെതിരായി കടുത്ത നടപടിയും ഉണ്ടാവേണ്ടതുണ്ട്. സോഷ്യൽ മീഡിയകളിലൂടെ അപമാനിക്കപ്പെട്ട മാധ്യമ പ്രവർത്തകർ പോലും, പൊലീസ് നിയമ ഭേദഗതിക്കെതിരെ, തെറ്റിധാരണ പരത്തുന്ന നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ഇവരിൽ ചിലർ മുഖ്യമന്ത്രിയുടെ പൊലീസ് ഉദേഷ്ടാവിനെയാണ് പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ചത്. ഇതിന് എരിവ് പകരാൻ അണിയറയിൽ ചരട് വലിച്ചതാകട്ടെ, ഒരു മുൻ പൊലീസ് ഉന്നതനുമാണ്. ഇയാൾക്ക് നിയമ ഭേദഗതിയേക്കാൾ എതിർപ്പ്, പൊലീസ് ഉദേഷ്ടാവിനോടാണ്. അതിന് ഈ അവസരം സമർത്ഥമായി ഉപയോഗിക്കുകയാണുണ്ടായത്.

വിവാദങ്ങളിൽ, ആരോഗ്യകരമായ വിമർശനങ്ങൾ മാത്രമാണ് സർക്കാർ മുഖവിലക്കെടുക്കേണ്ടത്. അതല്ലാത്തത്, തള്ളിക്കളയുക തന്നെ വേണം.പൊലീസ് നിയമ ഭേദഗതി, നിയമസഭയുടെ അഗീകാരത്തോടെ നടപ്പാക്കേണ്ടത്, പുതിയ കാലത്തിൻ്റെ അനിവാര്യത തന്നെയാണ്. അപവാദ പ്രചരണമേറ്റ്, ഒരു കണ്ണീരും, ഇനിയെങ്കിലും ഈ മണ്ണിൽ വീഴാൻ പാടില്ല. ഒരു സ്മാർട്ട് ഫോൺ കയ്യിലുണ്ടെങ്കിൽ, ആരെയും ‘അപമാനിച്ചു കളയാം’ എന്ന ചിന്തകളെ, ഒരു കാരണവശാലും വച്ച് പൊറുപ്പിക്കാൻ കഴിയുകയില്ല.

അതു പോലെ തന്നെ, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ മറവിൽ നടത്തുന്ന വ്യക്തിഹത്യകളും, ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.ഇതിനാവശ്യമായ ശക്തമായ നടപടികൾ, കരുത്തുറ്റ ഒരു ഭരണാധികാരിക്ക് മാത്രമേ സ്വീകരിക്കാൻ കഴിയുകയൊള്ളൂ. അതു തന്നെയാണ് സാംസ്കാരിക കേരളം, പിണറായിയിൽ നിന്നും ഇപ്പോൾ പ്രതീക്ഷിക്കുന്നതും.

Top