രാജ്യത്തെ പ്രവാസികള്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് നിര്‍ദേശം

ദോഹ: കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പകര്‍ച്ചപ്പനിക്കെതിരെ രാജ്യത്തെ പ്രവാസികളും പൗരന്മാരും സൗജന്യ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

പ്രതിരോധ കുത്തിവെപ്പെടുത്താല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി പ്രതിരോധകുത്തിവെപ്പ് ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും സുരക്ഷിതമായ പ്രതിരോധമരുന്നുകളാണ് മന്ത്രാലയം നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ശൈത്യകാലം ആരംഭിച്ചതോടെ പകര്‍ച്ചപ്പനിക്കെതിരേ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണവും നടക്കുന്നുണ്ട്.

ഉയര്‍ന്ന അപകടസാധ്യതയുള്ളവരില്‍ പകര്‍ച്ചപ്പനി പിടിപെട്ടാല്‍ ഉണ്ടാകുന്ന ഗുരുതരപ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും നടത്തുന്നുണ്ട്.

ആറുമാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ മുതല്‍ എല്ലാ പ്രവാസികളും സ്വദേശികളും പ്രതിരോധ കുത്തിവെയ്പ് എടുക്കേണ്ടതാണ്.

പ്രത്യേകിച്ചും പ്രമേഹം, ആസ്തമ, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, വൃക്ക തകരാര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയ രോഗങ്ങളുള്ളവരും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള വയോധികരും ആറുമാസം മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളും ഗര്‍ഭിണികളും ആരോഗ്യമേഖലയിലെ ജോലിക്കാരും നിര്‍ബന്ധമായും പ്രതിരോധ കുത്തിവെയ്പ്പിന് വിധേയരാവണം.

Top