അച്ഛനാരെന്നറിയില്ല; പ്രസവിച്ച ഉടനെ കുഞ്ഞിനെ കുത്തിക്കൊന്ന അമ്മ അറസ്റ്റില്‍

അബുദാബി: പ്രസവിച്ചയുടനെ കുഞ്ഞിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ അമ്മ കുറ്റകക്കാരിയാണെന്ന് അബുദാബി കോടതി പറഞ്ഞു. ഇവര്‍ക്കെതിരെ കോടതി കുറ്റം ചുമത്തി. അബുദാബിയിലെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന എത്യോപ്യന്‍ പൗര കുട്ടിയെ ജനിച്ചയുടന്‍ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍. കുട്ടിയുടെ പിതൃത്വം തനിക്കറിയാത്തതു കൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത്.

കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നാണ് ചോദ്യം ചെയ്യലിനിടെ പ്രതി പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞത്. ഗര്‍ഭിണി ആണെന്ന വിവരം ഇവര്‍ ജോലിചെയ്തിരുന്ന വീട്ടിലുള്ളവരോടും പറഞ്ഞിരുന്നില്ല. കുഞ്ഞിനെ പ്രസവിച്ചയുടനെ കൊല്ലാനായിരുന്നു ഇവരുടെ പദ്ധതി.

പ്രസവ വേദന ഉണ്ടായപ്പോള്‍ ഇവര്‍ സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലേയ്ക്ക് പോകുകയും അവിടെ വെച്ച് പ്രസവിക്കുകയുമായിരുന്നു. പിന്നീട് കറിക്കത്തി ഉപയോഗിച്ച് കുഞ്ഞിനെ കുത്തി കൊല്ലുകയായിരുന്നു. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കൊന്നതിന് പുറമേ അവിഹിത ലൈംഗിക ബന്ധത്തിനും പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ താന്‍ കുഞ്ഞിനെ ബോധപൂര്‍വ്വം അല്ല കൊന്നതെന്ന് പ്രതി കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞു. ഗര്‍ഭകാലത്തെ ആശങ്കകള്‍ കാരണം ഇവരുടെ മാനസികനില തെറ്റിയതാണെന്നും പ്രതി മാനസിക രോഗിയാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രതിയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ഇവര്‍ കുറ്റകൃത്യം ബോധപൂര്‍വ്വം തന്നെ ചെയ്തതാണെന്നുമാണ് കോടതിയില്‍ ഹാജരാക്കിയ സൈക്യാട്രിക് റിപ്പോര്‍ട്ടിലുള്ളത്.

Top