അപക്വമായ പെരുമാറ്റം; തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയാന് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: അപക്വമായ പെരുമാറ്റം ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയാനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആണ് ഡെറിക് ഒബ്രയാനെ സസ്‌പെന്‍ഡ് ചെയ്തത്. വര്‍ഷകാല സമ്മേളനം സമാപിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. ആഗസ്റ്റ് 11നാണ് സമ്മേളനം അവസാനിക്കുന്നത്.

സഭ സമ്മേളിച്ച ഉടന്‍ തന്നെ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ഡെറിക് ഒബ്രയാന്‍ ബഹളമുണ്ടാക്കി. പ്രതിപക്ഷം സമ്മതിക്കുകയാണെങ്കില്‍, ഉച്ചയ്ക്ക് വിഷയം ലിസ്റ്റ് ചെയ്ത് ചര്‍ച്ച ആരംഭിക്കാമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.

എന്നാല്‍ ഞങ്ങള്‍ക്ക് ആശയവിനിമയം നടത്തേണ്ടതുണ്ട്, മണിപ്പൂരിനെക്കുറിച്ച് ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയാറാണ്, പക്ഷേ ഭരണപക്ഷം ആഗ്രഹിക്കുന്ന രീതിയില്‍ അല്ല എന്ന് പ്രസ്താവിച്ചുകൊണ്ട് ഒബ്രയാന്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉയര്‍ത്തി. തുടര്‍ന്ന് പീയുഷ് ഗോയല്‍ വര്‍ഷകാല സമ്മേളനം സമാപിക്കുന്നത് വരെ ഡെറിക് ഒബ്രയാനെ സഭയില്‍നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉപരാഷ്ട്രപതി സസ്‌പെന്‍ഷന്‍ തീരുമാനം പ്രഖ്യാപിച്ചു.

Top