ഇംപീച്ച്‌മെന്റ് പ്രമേയം: പ്രതാപ് സിംഗ് ബാജ്‌വയുംഅമി യാഗ്‌നിക്കും കോടതിയെ സമീപിച്ചു

deepak-misra

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ (ഇംപീച്ച്‌മെന്റ്) ചെയ്യുന്നതിനുള്ള പ്രമേയം തള്ളിയ രാജ്യസഭാ ഉപാദ്ധ്യക്ഷനും ഉപരാഷ്ട്രപതിയും കൂടിയായ വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

രാജ്യസഭാംഗങ്ങളായ പ്രതാപ് സിംഗ് ബാജ്‌വ,അമി യാഗ്‌നിക് എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇംപീച്ച്‌മെന്റ് നോട്ടീസ് തിടുക്കത്തില്‍ തള്ളിയ രാജ്യസഭാ അദ്ധ്യക്ഷന്റെ അധികാരപരിധിയെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തിരിക്കുന്നത്. പ്രമേയത്തെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാതെ വെങ്കയ്യ നായിഡു ഇത് തള്ളുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ എം.പിമാര്‍ ചൂണ്ടിക്കാട്ടി.

ഇംപീച്ച്‌മെന്റ് നോട്ടീസിലെ അംഗങ്ങളുടെ ഒപ്പ് ശരിയാണോയെന്നത് അടക്കമുള്ള സാങ്കേതിക കാര്യങ്ങള്‍ മാത്രമാണ് രാജ്യസഭാ അദ്ധ്യക്ഷന്‍ പരിശോധിക്കേണ്ടത്. പ്രമേയത്തിലെ ആരോപണങ്ങള്‍ അന്വേഷിക്കേണ്ടത് സഭാ അദ്ധ്യക്ഷന്‍ നിയോഗിക്കുന്ന മൂന്നംഗ സമിതിയാണ്. ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ സുപ്രീംകോടതി ജഡ്ജി, ഏതെങ്കിലും ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ്, മുതിര്‍ന്ന നിയമവിദഗ്ദന്‍ എന്നിവര്‍ അംഗങ്ങളായ സമിതി ചെയ്യേണ്ട കാര്യങ്ങള്‍ രാജ്യസഭാ അദ്ധ്യക്ഷന്‍ ചെയ്തതിലൂടെ അധികാര ദുര്‍വിനിയോഗമാണ് നടന്നതെന്നും എം.പിമാര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു.

കഴിഞ്ഞ മാസം 23നാണ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷന്‍ തള്ളിയത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഏഴ് പ്രതിപക്ഷ പാര്‍ട്ടികളിലെ 64 രാജ്യസഭാ അംഗങ്ങള്‍ ഒപ്പിട്ട് നല്‍കിയ നോട്ടീസില്‍ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

പദവിക്ക് നിരക്കാത്ത ദുര്‍നടപ്പോ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷിയില്ലായ്മയോ തെളിയിക്കപ്പെട്ടാല്‍ സുപ്രീംകോടതി ജഡ്ജിയെ നീക്കാമെന്നാണ് ഭരണഘടനയിലെ 124 (4) അനുച്ഛേദം പറയുന്നത്. ഇംപീച്ച്‌മെന്റ് നോട്ടീസില്‍ രണ്ടിനും തെളിവില്ലെന്നും നായിഡു വ്യക്തമാക്കിയിരുന്നു. സി.പി.എം, സി.പി.ഐ, എന്‍.സി.പി, എസ്.പി, ബി.എസ്.പി, ഐ.യു.എം.എല്‍ പാര്‍ട്ടികളും പ്രമേയത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഡി.എം.കെ അംഗങ്ങള്‍ പ്രമേയത്തില്‍ ഒപ്പുവച്ചില്ല.

Top