കോവിഡ് പ്രതിസന്ധി; മുഴുവന്‍ വായ്പാശേഷിയും പ്രയോജനപ്പെടുത്താനൊരുങ്ങി ഐഎംഎഫ്

വാഷിങ്ടണ്‍: കോവിഡ് പ്രതിസന്ധിയിലാക്കിയ രാജ്യങ്ങളെ സഹായിക്കാന്‍ മുഴുവന്‍ വായ്പാശേഷിയും വിനിയോഗിക്കാനൊരുങ്ങി ഐഎംഎഫ്. അടിയന്തിരസഹായമായി ഒരു ട്രില്ല്യണ്‍ ഡോളര്‍ ലോകരാഷ്ട്രങ്ങള്‍ക്ക് അനുവദിക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റാലിന ജോര്‍ജീവിയ വ്യക്തമാക്കി.

ലോകം ഇതുവരെ കാണാത്ത പ്രതിസന്ധിയാണ് നാം ഇപ്പോള്‍ നേരിടുന്നതെന്നും ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ഇതാദ്യമായാണ് ലോക സമ്പദ്‌വ്യവസ്ഥയില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിരിക്കുന്നതെന്നും ക്രിസ്റ്റാലിന പറഞ്ഞു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പ്രതിശീര്‍ഷ വരുമാനം കൂടുമെന്ന് ഐഎംഎഫ് കരുതിയ 170 രാജ്യങ്ങള്‍ പോലും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോവുന്നത്. ആഗോളതലത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 3 ശതമാനം വരെ ഇടിവാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. ഇത് ഇനിയും കുറയാന് സാധ്യത നിലനില്‍ക്കുന്നുവെന്നും ക്രിസ്റ്റാലിന കൂട്ടിച്ചേര്‍ത്തു.

102 രാജ്യങ്ങളാണ് ഐഎംഎഫിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 15 രാജ്യങ്ങള്‍ക്ക് ഇതിനോടകം സഹായം വിതരണം ചെയ്തുകഴിഞ്ഞു. മാത്രമല്ല 25 ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് കടാശ്വാസം അനുവദിച്ചിട്ടുണ്ട്. ഇത്തരം രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും സാധാരണ ചെയ്യുന്നതിന്റെ മൂന്നിരട്ടി സഹായം ഈ രാജ്യങ്ങള്‍ക്ക് നല്‍കാനാണ് ഐഎംഎഫ് ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.

Top