ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് അന്താരാഷ്ട്ര നാണ്യ നിധി

വാഷിങ്ടണ്‍: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്).നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞ് 4.8 ശതമാനമാകും. ഇത് ആഗോള വളര്‍ച്ചാ നിരക്കിനേയും ബാധിക്കുമെന്നാണ് ഐഎംഎഫ് വ്യക്താക്കുന്നത്.

130 ബേസിസ് പോയിന്റ് താഴ്ത്തിയാണ് രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് 4.8 ആക്കി വെട്ടിക്കുറച്ചത്. 6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക്. ഇന്ത്യയിലെ വളര്‍ച്ച കുത്തനെ ഇടിഞ്ഞതായി ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു.

നോണ്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങളിലെ സമ്മര്‍ദവും ഗ്രാമീണ മേഖലയിലെ വരുമാനക്കുറവുമാണ് സാമ്പത്തിക ഞെരുക്കത്തിനു കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ഉത്തേജന പ്രക്രിയകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും പകരം എളുപ്പമുള്ള ഒരു ധനനയം കൊണ്ടുവരണമെന്നും ഐഎംഎഫ് കഴിഞ്ഞ മാസം പുറത്തിറക്കിയ ഉപദേശ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Top