ലോകം കിതക്കും, ഇന്ത്യ കുതിക്കും, രാജ്യാന്തര നാണ്യനിധി റിപ്പോര്‍ട്ട് !

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ വരുന്ന സാമ്പത്തിക വര്‍ഷം 3.3 ശതമാനം മാത്രമേ ഉയര്‍ച്ചയുണ്ടാകുകയുള്ളു എന്ന് രാജ്യാന്തര നാണ്യനിധി(ഐ.എം.എഫ്)യുടെ റിപ്പോര്‍ട്ട്. എഴുപത് ശതമാനം രാജ്യങ്ങള്‍ക്കും ഈ വര്‍ഷം സാമ്പത്തികമായി കിതപ്പനുഭവിക്കേണ്ടി വരുമെന്ന് ഐ.എം.എഫ് മുഖ്യസാമ്പത്തിക ഉപദേശകയും മലയാളിയുമായ ഗീത ഗോപിനാഥ് വ്യക്തമാക്കി.

ലോകരാജ്യങ്ങളുടെ വളര്‍ച്ച നിരക്ക് കുറയുമെങ്കിലും ഇക്കൊല്ലവും അടുത്ത കൊല്ലവും ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതായിരിക്കുമെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി. നിക്ഷേപം വര്‍ദ്ധിക്കുന്നതും ഉപഭോഗം ഉയരുന്നതുമാണ് ഇന്ത്യയ്ക്ക് അനുഗ്രഹമായത്. 7.3 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. തൊട്ട് പിന്നില്‍ 6.3 ശതമാനമെന്ന സൂചികയോടെ ചൈനയുണ്ട്. സാമ്പത്തിക ഘടനാ പരിഷ്‌കരണങ്ങളും പൊതുകടം കുറയ്ക്കാനും ബാങ്കിങ് രംഗം ശുദ്ധീകരിക്കാനുമുള്ള ശ്രമങ്ങളും ഇന്ത്യയ്ക്കു ഗുണം ചെയ്യുന്നതായി ഐഎംഎഫ് അവലോകന രേഖ പറയുന്നു.

അതേസമയം, യൂറോപ്പില്‍ വളര്‍ച്ച ഇല്ലാതാകുകയോ നേരിയ തോതില്‍ മാത്രമാകുകയോ ചെയ്യും. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു പോകുന്നതു (ബ്രെക്‌സിറ്റ്) സംബന്ധിച്ച ആശയക്കുഴപ്പം ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും. അമേരിക്ക ചൈനയുമായി നടത്തുന്നതുപോലെയുള്ള വ്യാപാര യുദ്ധങ്ങള്‍ തുടര്‍ന്നാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച കുറയും.എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടായാല്‍ വികസ്വര രാജ്യങ്ങള്‍ തളരും, കയറ്റുമതി അധിഷ്ഠിത സമ്പദ് വ്യവസ്ഥകള്‍ പ്രതിസന്ധിയിലാകും, കടബാധ്യതയുള്ളവ കൂടുതല്‍ കെണിയിലാകും. യുഎസ് 1.9%, ജപ്പാന്‍ 0.5%, ജര്‍മനി 1.4%, സ്‌പെയിന്‍ 1.4% എന്നിങ്ങനെയാണ് അടുത്ത വര്‍ഷം വളരുകയെന്ന് ഐ.എം.എഫ് വിശദീകരിക്കുന്നു.

അതേസമയം ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം കിട്ടുന്ന രാജ്യമെന്ന പദവി ഇന്ത്യ നിലനിറുത്തി. 2018ല്‍ 7900 കോടി ഡോളറാണ് വിദേശഇന്ത്യക്കാര്‍ ഇന്ത്യയിലേക്കയച്ചത്. മുന്‍കൊല്ലം 6530 കോടി ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം 14% വളര്‍ച്ചയുണ്ടാകാന്‍ കാരണം കേരളത്തിലെ പ്രളയമാണെന്ന് ലോക ബാങ്ക് വിലയിരുത്തുന്നു. പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പ്രവാസികളായ ബന്ധുക്കള്‍ കൂടുതല്‍ പണം അയച്ചെന്നാണു കണ്ടെത്തല്‍.

Top