ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി; മുന്നറിയിപ്പുമായി ഐ.എം.എഫ്

വാഷിങ്ടണ്‍: ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും പ്രതിസന്ധിമറികടക്കാന്‍ ഇന്ത്യ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും അന്താരാഷ്ട്ര നാണയ നിധി ഐ.എം.എഫ്.

ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനം കുറയുന്നതും മറ്റ് ഘടകങ്ങളും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നിനെ മാന്ദ്യത്തിലാക്കിയെന്ന് ഐഎംഎഫിന്റെ വാര്‍ഷിക അവലോകനത്തില്‍ പറയുന്നു. ഇന്ത്യയുടെ തകര്‍ച്ച ആഗോള വളര്‍ച്ചയെ സാരമായി ബാധിക്കുന്നുവെന്നും ഐ.എം.എഫ് ചൂണ്ടിക്കാണിക്കുന്നു.

ദശലക്ഷക്കണക്കിന് ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെങ്കിലും ഇന്ത്യ ഇപ്പോഴും കാര്യമായ സാമ്പത്തിക മാന്ദ്യത്തിലാണെന്ന് ഐ.എം.എഫ് ഏഷ്യാ-പസഫിക് വിഭാഗം ചൂണ്ടിക്കാണിക്കുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാനും ഉയര്‍ന്ന വളര്‍ച്ചാപാതയിലേക്ക് മടങ്ങുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഐ.എം.എഫ് അസി.ഡയറക്ടര്‍ റാനില്‍ സല്‍ഗാഡൊ പറഞ്ഞു.

എന്നിരുന്നാലും, വളര്‍ച്ചയെ സഹായിക്കുന്നതിനുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനു സര്‍ക്കാരിനു പരിമിതിയുണ്ട്. പ്രത്യേകിച്ചും ഉയര്‍ന്ന കടത്തിന്റെ അളവും പലിശ ശതമാനവും കണക്കിലെടുക്കുമ്പോള്‍. സമ്പദ്വ്യവസ്ഥയ്ക്കു വായ്പ നല്‍കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതിന് സാമ്പത്തിക മേഖലയുടെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതടക്കമുള്ള പരിഷ്‌കരണ അജന്‍ഡ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്’ സല്‍ഗാഡോ കൂട്ടിച്ചേര്‍ത്തു.

ഐ.എം.എഫിലെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ് കഴിഞ്ഞയാഴ്ച ഇന്ത്യയുടെ മാന്ദ്യം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതിലും വളരെ ആഴത്തിലുള്ള പ്രതിസന്ധിയാണ് ഇന്ത്യയിലുള്ളത്. ഇതില്‍ നിന്ന് മറികടക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

ഈ വര്‍ഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ചു തവണയാണ് നിരക്കുകള്‍ കുറച്ചത്. ഉപഭോക്തൃ ആവശ്യവും ഉല്‍പാദന പ്രവര്‍ത്തനങ്ങളും കുറഞ്ഞതിനാല്‍ ആര്‍.ബി.ഐ വാര്‍ഷിക വളര്‍ച്ച 6.1 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായും റിസര്‍വ് ബാങ്ക് കുറച്ചിരുന്നു.

 

 

Top