അസാനി തീവ്രചുഴലിക്കാറ്റായി; കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യത, ജാ​ഗ്രത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അസാനി’ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മണിക്കൂറിൽ 125കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ട്. അതേസമയം കരയിൽ പ്രവേശിക്കാൻ സാധ്യത കുറവാണ്. ഒഡീഷ, ആന്ധ്ര തീരത്തിനു സമാന്തരമായി കടലിലൂടെ നീങ്ങുമെന്നുമാണു പുതിയ പ്രവചനം.

‘അസാനി’’യുടെ സഞ്ചാരപാത കേരളത്തെ നേരിട്ടുബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്നു കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഒപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30-40 കിലോ മീറ്റർ വേഗതയിൽ കാറ്റടിയ്ക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെയും വ്യാഴാഴ്ചയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Top