മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: ഇമാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതിയാണ് ഒളിവില്‍ കഴിയുന്ന ഇമാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് മാറ്റിയത്.

എന്തുകൊണ്ടാണ് ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതെന്ന് നേരെത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ഇരയായ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് ഇമാമിന്റെ അറസ്റ്റ് വൈകുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചത്.

കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ തന്നെ തുടരണമെന്ന് നിര്‍ദേശിച്ചിരുന്നു. പെണ്‍കുട്ടി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി കുടുംബത്തിനൊപ്പം പോകണമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുകിട്ടണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റിവെച്ചു.

Top