സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഭാവന

വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടി ഭാവന. അസഭ്യം പറയുന്നതിലൂടെയാണ് ചിലർക്ക് സന്തോഷം ലഭിക്കുന്നതെന്നും അവരോട് തനിക്കൊന്നും പറയാനില്ലെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഭാവന വ്യക്തമാക്കി.

“എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ,എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വയ്ക്കാൻ നോക്കുമ്പോളും ഞാൻ എന്ത് ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേരുണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്ക് സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല”. ഭാവന പോസ്റ്റിൽ വ്യക്തമാക്കി.

ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ വേളയിൽ ഭാവന ധരിച്ച വസ്ത്രത്തെച്ചൊല്ലിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക അധിക്ഷേപമുയർന്നത്. ധരിച്ചിരുന്നത് ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നുവെന്നും വീഡിയോയിലും ഫോട്ടോയിലും അത് വ്യക്തമാണെന്നും നേരത്തേ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഭാവന വ്യക്തമാക്കിയിരുന്നു. ഈ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ കൂടി പങ്ക് വച്ചാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

 

Top