‘കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം’; 130 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നുവെന്ന് കെജ്‌രിവാൾ

ദില്ലി: ഇന്ത്യയിലെ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം എന്നാവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തെഴുതി. 130 കോടി ഇന്ത്യാക്കാർക്ക് വേണ്ടിയാണ് താൻ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം കത്തിലൂടെ അറിയിച്ചു. കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തണമെന്ന് നേരത്തെ കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണമെന്ന ആവശ്യവുമായി ഇപ്പോൾ കെജ്‌രിവാൾ എത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകർന്നിരിക്കുകയാണ്. നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം, അതിനാൽ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടേയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ പുതിയ ആവശ്യം.

ദില്ലി മുൻമന്ത്രി രാജേന്ദ്രപാൽ ഗൗതം, ബുദ്ധമത പരിപാടിയിൽ പങ്കെടുത്ത് ഹിന്ദു വിരുദ്ധ പ്രതിജ്ഞ ചൊല്ലിയ സംഭവം ഗുജറാത്തിൽ എഎപിക്കെതിരെ ബിജെപി ആയുധമാക്കുന്ന സാഹചര്യത്തിലായിരുന്നു കെജ്‌രിവാളിന്റെ നീക്കം. സാമ്പത്തിക രംഗം തകർന്നെന്ന രാഷ്ട്രീയം പറയുമ്പോഴും ഇതിന് പ്രതിവിധിയായാണ് കെജ്‌രിവാൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഹിന്ദുമതത്തെ അവഹേളിച്ച കെജ്‌രിവാളിന്റെ ഈ ആവശ്യം തട്ടിപ്പാണെന്ന് ബിജെപി പ്രതികരിച്ചു. എഎപി ബിജെപിയുടെ ബി ടീമാണെന്ന് വീണ്ടും തെളിയിച്ചെന്ന് കോൺഗ്രസ് പരിഹസിച്ചു. ദില്ലി തെരഞ്ഞെടുപ്പ് സമയത്ത് ഹനുമാൻ ചാലിസ ചൊല്ലുന്നതിന്റെ വിഡിയോ കെജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നു.

Top