Image for the news result US shares Headley’s phone details with NIA

മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ അമേരിക്കയില്‍ 35 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ലഷ്‌കറെ തയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ ഫോണ്‍ വിവരങ്ങള്‍ അമേരിക്ക ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി.

2008ലെ മുംബയ് ആക്രമണത്തിന് മുമ്പ് എട്ടു തവണ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നഗരത്തിന്റെ ചിത്രം ഹെഡ്‌ലി പകര്‍ത്തിയത് ഈ ഫോണിലായിരുന്നു. മുംബയ് ആക്രമണ കേസില്‍ ഹെഡ്‌ലിയെ മാപ്പുസാക്ഷിയാക്കിയെങ്കിലും എന്‍.ഐ.എയുടെ കേസില്‍ അയാള്‍ ഇപ്പോഴും പ്രതിയാണ്.

അഞ്ചു വര്‍ഷം മുമ്പാണ് ഫോണ്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ അമേരിക്കയ്ക്ക് കത്തു നല്‍കിയത്. ഫോണ്‍ വിവരങ്ങള്‍ ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്നതാണെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു.

സോണി എറിക്‌സണ്‍ കമ്പനിയുടെ എസ്.ഇ.കെ 7701 മോഡല്‍ ഫോണാണാണ് ഹെഡ്‌ലി ഉപയോഗിച്ചിരുന്നത്.ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറും നെറ്റ്‌വര്‍ക്ക് കോഡും, സബ്‌സ്‌ക്രൈബറെ തിരിച്ചറിയാനുള്ള കോഡുമാണ് എന്‍.ഐ.എയ്ക്ക് കൈമാറിയിരിക്കുന്നത്.

പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയിലെ മേജര്‍ ഇഖ്ബാല്‍ ആണ് ഹെഡ്‌ലിക്ക് ഈ ഫോണ്‍ നല്‍കിയത്. 2008 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഹെഡ്‌ലി ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു, ഇഖ്ബാല്‍ തന്നെയാണ് ഫോണിന്റെ പ്രവര്‍ത്തനരീതി ഹെഡ്‌ലിയെ പഠിപ്പിച്ചത്. 9819829221, 9820910814, 39920280935 എന്നീ നമ്പറുകളാണ് ഹെഡ്‌ലി ഉപയോഗിച്ചിരുന്നത്. ഈ ഫോണില്‍ നിന്ന് ഇക്ബാലിനേയും ഹെഡ്‌ലി വിളിച്ചിരുന്നു.

2007 ഡിസംബറില്‍ റാവല്‍പിണ്ടിയില്‍ നടന്ന യോഗത്തിലാണ് ഹെഡ്‌ലിക്ക്, ഇഖ്ബാല്‍ ഫോണ്‍ നല്‍കിയതെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇപ്പോള്‍ ഈ ഫോണ്‍ അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ എഫ്.ബി.ഐയുടെ കൈവശമാണുള്ളത്. 2009 നവംബറില്‍ ഷിക്കാഗോ വിമാനത്താവളത്തില്‍ അറസ്റ്റിലായപ്പോഴാണ് ഹെഡ്‌ലിയില്‍ നിന്ന് ഈ ഫോണ്‍ പിടിച്ചെടുത്തത്.

മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന് സമീപത്തെ ജനവാസ കേന്ദ്രങ്ങള്‍, താജ് ഹോട്ടല്‍, നേവല്‍ എയര്‍ സ്റ്റേഷന്‍, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, നിയമസഭാ മന്ദിരം, സിദ്ധിവിനായക ക്ഷേത്രം, ഛബാദ് ഹൗസ്, മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. ലിയോപോള്‍ഡ് റെസ്‌റ്റോറന്റ്, ട്രൈഡന്റ് ഹോട്ടല്‍ എന്നിവയുടെ ചിത്രങ്ങളും ഹെഡ്‌ലി പകര്‍ത്തിയിരുന്നു.

Top