സ്‌കൂളുകള്‍ തുറക്കാം; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൃത്യമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും, അദ്ധ്യാപകരും അനദ്ധ്യാപകരുമുള്‍പ്പടെ എല്ലാവരും കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണെമന്നും ഐഎംഎ നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും വാക്സിനെടുത്തവരാണെന്ന് ഉറപ്പുവരുത്തണമെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മാത്രമല്ല, ക്ലാസുകള്‍ക്കിടയിലുള്ള ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണമെന്നും, ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണമെന്നും ഐ എം എ വ്യക്തമാക്കി. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുവാദം ലഭിക്കുന്നതനുസരിച്ച് വാക്സിനേഷന്‍ ക്യാമ്പുകള്‍ പഠന കേന്ദ്രങ്ങളില്‍ തന്നെ സജ്ജമാക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സന്നദ്ധരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു.

നേരത്തെ, നവംബര്‍ ഒന്നുമുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Top