സാമ്പത്തിക തട്ടിപ്പ്; കസ്റ്റഡിയിലെടുത്ത വിമത കോണ്‍ഗ്രസ് എംഎല്‍എയെ വിട്ടയച്ചു

ബെംഗളൂരു: കോടികളുടെ ഐഎംഎ സാമ്പത്തിക തട്ടിപ്പു കേസില്‍ കസ്റ്റഡിയിലെടുത്ത വിമത കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഈ മാസം 19ന് വീണ്ടും ഹാജരാകണമെന്ന വ്യവസ്ഥയിലാണ് വിട്ടയച്ചത്.

1,547 കോടിയുടെ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയില്‍ നിന്ന് 400 കോടി കൈപ്പറ്റിയെന്ന കേസിലാണ് റോഷന്‍ ബെയ്ഗിനെ കസ്റ്റഡിയിലെടുത്തത്. മുംബൈയിലേയ്ക്ക് പോകാന്‍ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം റോഷനെ ചോദ്യം ചെയ്യാനായി പിടികൂടിയത്.

ബിജെപി നേതാവ് ബി.എസ്.യദ്യൂരപ്പയുടെ പിഎ സന്തോഷും ബെയ്ഗിനൊപ്പമുണ്ടായിരുന്നു എന്നും പൊലീസിനെ കണ്ടപ്പോള്‍ സന്തോഷ് കടന്നുകളഞ്ഞെന്നും മുഖ്യമന്ത്രി കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു. ബിജെപി എം.എല്‍.എ യോഗേശ്വറും സ്ഥലത്ത് ഉണ്ടായിരുന്നതായും കുമാരസ്വാമി ആരോപിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ റോഷന്‍ ബെയ്ഗ് തയ്യാറായില്ല.

കര്‍ണാടകയില്‍ രാജിവച്ച 16 എം.എല്‍.എമാരില്‍ ഒരാളാണ് റോഷന്‍ ബെയ്ഗ്‌. വ്യാഴാഴ്ച കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് റോഷന്‍ ബെയ്ഗിനെതിരെ പൊലീസ് നടപടിയും വിമത എം.എല്‍.എമാര്‍ക്ക് ബിജെപി സഹായം എത്തിച്ചു നല്‍കുന്നെന്നെ ആരോപണവും.

Top