സമൂഹവ്യാപന സാധ്യത; ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും തുറക്കുന്നതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം രംഗത്ത്. ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോൾ കോവിഡ് രോഗ വ്യാപനം നിയന്ത്രണാധീതമാകുമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്.

ശക്തനായ ഒരു വൈറസിനോടാണ് നമ്മുടെ യുദ്ധം. സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടുമ്പോൾ രോഗവ്യാപനമുണ്ടാകും.കഴിഞ്ഞ ആഴ്ചകളില്‍ പുറം രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരില്‍ ചിലരെങ്കിലും ക്വാറന്റൈന്‍ ലംഘിക്കുന്നതായും കണ്ടുവരുന്നുണ്ട്. ചിലരെങ്കിലും ഇങ്ങനെ ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുമ്പോള്‍ സമൂഹവ്യാപന സാധ്യത കൂടി വരികയാണ് ചെയ്യുന്നതെന്നും ഐഎംഎ ആരോപിച്ചു.

രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഇതില്‍ നിന്നും സമൂഹവ്യാപനം നടക്കുന്നു എന്നു തന്നെ വേണം കരുതാന്‍.ഈ ഒരു ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോള്‍ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരുമെന്നത് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ ആരോഗ്യ സംവിധാനം അതീവ സമ്മർദ്ദത്തിൽ ആവുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായതു പോലെ ആശുപത്രികൾ രോഗികളെ കൊണ്ടു നിറഞ്ഞ് ആരോഗ്യ പ്രവർത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നിൽക്കേണ്ടി അവസ്ഥയുണ്ടാവാൻ അനുവദിക്കരുതെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

അതിനാല്‍ ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് തന്നെയാണ് ഐ.എം.എ കേരള ഘടകം പറയുന്നത്.

Top