im vijayan against kerala football acadamy

vijayan

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ അക്കാദമികളെ വിമര്‍ശിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ നായകന്‍ ഐഎം വിജയന്‍ രംഗത്ത്.

പണക്കാര്‍ക്ക് തടികുറയ്ക്കാനുള്ള ഇടങ്ങളായി കേരളത്തിലെ അക്കാദമികള്‍ മാറി. ഇത്തരം അക്കാദമികള്‍ കൊണ്ട് ഫുട്‌ബോള്‍ വളരില്ലന്നും ഫുട്‌ബോളിന്റെ വികസനത്തിനായി പുതിയ പദ്ധതി കേന്ദ്ര കായിക മന്ത്രാലയത്തിന് ഉടന്‍ കൈമാറുമെന്നും ഐഎം വിജയന്‍ പറഞ്ഞു.

ഒരുകാലത്ത് ഇന്ത്യടീമില്‍ കേരളത്തില്‍ നിന്ന് ഏഴു പേര്‍ കളിച്ചിരുന്നെങ്കിലും നിലവില്‍ സംസ്ഥാനത്ത് ഫുട്‌ബോള്‍ ഇല്ലാതാവുകയാണെന്നും അദ്ദേഹം അറിയിച്ചു.

താഴെത്തട്ടില്‍ ഫുട്‌ബോള്‍ വളര്‍ത്താന്‍ മെനക്കെടാതെ പട്ടണങ്ങളില്‍ ഫുട്‌ബോള്‍ അക്കാദമികള്‍ സ്ഥാപിച്ചതുകൊണ്ട് ഗുണമില്ല. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമികള്‍ ബിസിനസ് ആയി മാറി, ഫുട്‌ബോള്‍ നന്നാക്കാനുള്ള അക്കാദമികളല്ല കേരളത്തിലുള്ളത്. അത് പണക്കാരുടെ മക്കളുടെ തടികുറയ്ക്കാനുള്ളതാണെന്നും ഐഎം വിജയന്‍ വിമര്‍ശിച്ചു.

ഗ്രാമങ്ങളില്‍ ബൂട്ടില്ലാതെ കളിക്കുന്ന മികച്ച താരങ്ങളെ കണ്ടിട്ടുണ്ട്. അവരെപ്പോലുള്ളവരെ വളര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. ദേശീയ ഫുട്‌ബോള്‍ നിരീക്ഷകനെന്ന നിലയില്‍ ഫുട്‌ബോളിന്റെ വികസനത്തിനായി സമഗ്രമായ പ്രോജക്റ്റ് കേന്ദ്ര കായിക മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും വിജയന്‍ പറഞ്ഞു.

Top