ഞാന്‍ ദൈവത്തിന്റെ പ്രിയപ്പെട്ടവള്‍; ആരോപണങ്ങള്‍ക്ക് മറുപടിയുമായി നുസ്രത്ത് ജഹാന്‍

കൊല്‍ക്കത്ത: താന്‍ ദൈവത്തിന് പ്രിയപ്പെട്ടവളാണെന്ന് നടിയും ത്രിണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍. ദുര്‍ഗപൂജ ആഘോഷങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് പ്രതികരണവുമായി നുസ്രത്ത് രംഗത്ത് എത്തിയത്.

‘ഞാന്‍ ദൈവത്തിന്റെ പ്രിയപ്പെട്ടവളാണ്. ഞാന്‍ എല്ലാ ഉത്സവങ്ങളും ആഘോഷിക്കും. ഞാന്‍ മാനവികതയെ ബഹുമാനിക്കുകയും എന്തിലുമതികം സ്‌നേഹിക്കുകയും ചെയ്യും. ഞാന്‍ വളരെ സന്തോഷവതിയാണ്. വിവാദങ്ങള്‍ എന്നെ ബാധിക്കില്ല’ നുസ്രത്ത് ജഹാന്‍ പറഞ്ഞു.

ഇസ്ലാംമത വിശ്വാസിയായ നുസ്രത്ത് ഹിന്ദു ആചാരങ്ങളില്‍ പങ്കെടുത്തതുവഴി ‘ഇസ്ലാം വിരുദ്ധ’ പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ഇത്തിഹാദ് ഉലമ ഐ ഹിന്ദ് വൈസ് പ്രസിഡന്റ് മുഫ്തി അസത് ഖാസ്മി ആരോപിച്ചിരുന്നു. ഇസ്ലാം മതത്തില്‍ മുസ്ലീം ഒരു ദൈവത്തെ മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്ന് കൃത്യമായി പറയുന്നുണ്ട്. ഈ അടിസ്ഥാനകാര്യം പാലിക്കാത്ത നുസ്രത്തിന്റെ പ്രവര്‍ത്തികള്‍ ഇസ്ലാമിന് മോശം പേരുണ്ടാക്കുമെന്നും, മുസ്ലീങ്ങളെയും മതത്തെയും അപമാനിക്കലാണിതെന്നും ഖാസ്മി പ്രതികരിച്ചിരുന്നു.

ഇതാദ്യമായല്ല നുസ്രത്ത് പൂജ ചെയ്യുന്നത്. നേരത്തേയും അവരിങ്ങനെ ചെയ്തിട്ടുണ്ട്. ഇസ്ലാമിന്റെ കണ്ണില്‍ അവര്‍ ചെയ്യുന്നത് തെറ്റാണ്. ഇസ്ലാം കാര്യങ്ങള്‍ക്കെതിരെയാണ് അവര്‍ ചെയ്യുന്നതെല്ലാമെങ്കില്‍ നുസ്രത്ത് പേരുമാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

Top