കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; അബ്ദുൽ നാസ‍ർ മദനി ചികിത്സയിൽ

കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽ നാസ‍ർ മദനി ചികിത്സയിൽ തുടരുന്നു. മദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. രാവിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം മദനിയെ പരിശോധിക്കും. അതേസമയം, കൊല്ലത്തിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പിഡിപി നേതാക്കൾ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മദനി കേരളത്തിലെത്തിയത്.

മദനിക്ക് ബിപി കുറഞ്ഞിട്ടില്ല. ഇന്നലത്തെ അതെ നിലയിൽ ആരോഗ്യ നില തുടരുകയാണ്. ശാരീരിക അസ്വസ്ഥതകൾ തുടരുകയാണെന്ന് ‌പിഡിപി സംഘടനാകാര്യ ജനറൽ സെക്രട്ടറി വിഎം അലിയാർ പറഞ്ഞു. അതുകൊണ്ടു തന്നെ യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല മദനി. രാവിലെ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. ബിപി ഉയർന്ന നിലയിൽ തുടരുകയാണെന്നും വിഎം അലിയാർ പറഞ്ഞു.

ഇന്നലെ രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കേരളത്തിലെത്തിയതിൽ സന്തോഷം എന്നാണ് വിമാനത്താവളത്തിൽ മദനി മാധ്യമങ്ങളോട് പ്രതികരിച്ചത്. നീതി നിഷേധത്തിനെതിരായ പോരാട്ടത്തിന് എല്ലാവരുടേയും സഹായമുണ്ട്, അതാണ് കരുത്ത് നൽകുന്നത്. വിരോധമുള്ളവരെ കേസിൽ കുടുക്കി ജയിലിലടക്കുകയാണ് ചെയ്യുന്നത്. ഇനിയും വർഷങ്ങളെടുക്കാവുന്ന അവസ്ഥയിലാണ് തനിക്കെതിരായ കേസ്. കള്ളക്കേസാണെന്ന് എനിക്കും നാടിനും അറിയാം. കർണാടകയിലെ ഭരണമാറ്റം വലിയ സഹായമായിട്ടില്ല. എന്നാൽ ദ്രോഹമുണ്ടായിട്ടില്ല. എത്ര വലിച്ചു നീട്ടി കൊണ്ടു പോയാലും ഒരു വർഷത്തിനുള്ളിൽ തീർക്കാൻ സാധിക്കുന്ന കേസായിരുന്നു. അതാണ് ഇപ്പോൾ പതിനാലാം വർഷത്തിലേക്ക് കടക്കുന്നത്. രാജ്യത്തെ നീതി സംവിധാനത്തെ വ്യക്തമായി പുന:പരിശോധനയ്ക്ക് വിധേയമാക്കണം. പ്രതീക്ഷ മുഴുവൻ കേരളീയ സമൂഹത്തിന്റെ പിന്തുണയിലാണെന്നും അദ്ദേഹം പറഞ്ഞു.

Top