ആലപ്പാടിന് പിന്തുണയുമായി ഫേസ്ബുക്ക് കൂട്ടായ്മ ഇന്ന് മറൈന്‍ ഡ്രൈവിലേക്ക് . . .

കൊച്ചി : ആലപ്പാടിന് പിന്തുണയുമായി ട്രോള്‍ എറണാകുളം ഫേയ്‌സ്ബുക്ക് കൂട്ടായ്മ നടത്തുന്ന ഐക്യദാര്‍ഢ്യസമ്മേളനം ഇന്ന് മറൈന്‍ഡ്രൈവില്‍ നടക്കും. ഇന്ന് വൈകിട്ട് 4 മണിക്കാണ് ഐക്യദാര്‍ഢ്യ പ്രഖ്യാപനവും സമ്മേളനവും.

കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന അനധികൃത കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ നടത്തിവരുന്ന റിലേ നിരാഹാരം രണ്ടുമാസം പിന്നിടുകയാണ്. നിരവധി പ്രമുഖരും ഇതിനോടകം ആലപ്പാടിനു വേണ്ടി ശബ്ദമുയര്‍ത്തിക്കഴിഞ്ഞു.

പ്രളയത്തില്‍ മുങ്ങിയ കേരള ജനതയ്ക്ക് കൈത്താങ്ങായ കടലിന്റെ മക്കളുടെ പ്രശ്‌നത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദത പാലിച്ചപ്പോള്‍ ഇവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുകയാണ് ഈ കൂട്ടായ്മ. ഇതിനോടകം പിന്തുണ അറിയിച്ച് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകള്‍ സഹകരിക്കുന്നുണ്ടെന്ന് ട്രോള്‍ എറണാകുളം അഡ്മിന്‍ ഷിനില്‍ തുരുത്തുമ്മേല്‍ പറഞ്ഞു.

സേവ് ആലാപാടിനായി അണിചേര്‍ന്ന വാട്ട്‌സപ്പ് ഗ്രൂപ്പായ ആലപ്പാട് സംരക്ഷണ സമിതിയും, തിരദേശ സംരക്ഷണ സമിതിയും ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ട്രോള്‍ എറണാകുളം ഗ്രൂപ്പ് അഡ്മിന്‍ ആഷിക് പറഞ്ഞു. ആലപ്പാടിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രോളുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Top