ചെങ്ങോടുമല അനധികൃത ഖനനം ; കോട്ടൂര്‍ പഞ്ചായത്ത് ഓഫീസില്‍ സിപിഎം,ഡിവൈഎഫ്‌ഐ ഉപരോധം

കോഴിക്കോട്: ചെങ്ങോടുമലയില്‍ അനധികൃത ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച് കോഴിക്കോട്ടെ കോട്ടൂര്‍ പഞ്ചായത്ത് ഓഫീസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഉപരോധം. ഖനന അനുമതി നേടിയെടുക്കാന്‍ പത്തനംതിട്ട ആസ്ഥാനമായുള്ള വ്യവസായ ഗ്രൂപ്പാണ് നീക്കം നടത്തിയത്.

ലൈസന്‍സിനു വേണ്ടി ഏകജാലക സംവിധാനത്തിലൂടെ ജില്ലാ വ്യവസായ വകുപ്പില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അപേക്ഷ തിരിച്ചയക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ജില്ലാ വ്യവസായ വകുപ്പിനെതിരെ കമ്പനി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും വിചാരണ നടന്നുകൊണ്ടിരിക്കെ കമ്പനി കേസ് പിന്‍വലിക്കുകയും ഇതിന് വിപരീദമായി കമ്പനി സംസ്ഥാന ഏകജാലക ബോര്‍ഡില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു.

അതേസമയം ക്വാറി കമ്പനിയുടെ അപേക്ഷകള്‍ പരിഗണിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് സംസ്ഥാന ഏകജാലക ബോര്‍ഡിന്റെ സിറ്റിംഗില്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ 17 ന് ചേരുന്ന ജില്ലാ ഏകജാലക ബോര്‍ഡ് യോഗം ചേര്‍ന്ന് അപേക്ഷ പരിഗണിക്കാനാണ് നിര്‍ദേശം. നേരത്തെ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന രേഖകള്‍ ഈ സമയത്ത് ഹാജരാക്കാനും കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Top