അനധികൃത എഴുത്ത് ലോട്ടറിക്കെതിരെ നടത്തിയ റെയ്ഡില്‍ അമ്പതോളം പേര്‍ അറസ്റ്റില്‍

Lottary

തിരുവനന്തപുരം: അനധികൃത എഴുത്ത് ലോട്ടറിക്കെതിരെ സംസ്ഥാന വ്യാപകമായി ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡില്‍ അമ്പതോളം പേര്‍ അറസ്റ്റില്‍.സംസ്ഥാനത്താകെ 49 കേസുകള്‍ ഇത്തരം സംഘങ്ങള്‍ക്കെതിരെ എടുത്തു.

മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇവിടെ വിവിധ സംഘങ്ങള്‍ക്കെതിരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം, എഴുത്ത് ലോട്ടറിക്കെതിരെ സംസ്ഥാനത്ത് പരിശോധന തുടരുകയാണെന്നും കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാകുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പര്‍ ഊഹിച്ചെഴുതി പണം കൊയ്യുന്ന പരിപാടിയാണിത്.എഴുത്ത് ലോട്ടറികള്‍ നടത്തുന്ന കടയില്‍ വിളിച്ചും എസ്.എം.എസ്, ഇ മെയില്‍ വഴിയോ ഈ നമ്പര്‍ എഴുതിക്കണം. ഈ നമ്പറുകള്‍ ശരിയായാല്‍ 5000 രൂപ ലഭിക്കും.

ഒറ്റത്തവണ നമ്പര്‍ എഴുതുന്നതിന് 10 മുതല്‍ 20 രൂപയാണ് ഈടാക്കുന്നത്. മിക്കവരും ദിവസവും ഇത്തരം 10 നമ്പറുകളെങ്കിലും എഴുതിക്കും. പത്ത് നമ്പറുകള്‍ എഴുതിച്ചാല്‍ ടിക്കറ്റ് വില്‍ക്കാതെ തന്നെ ലോട്ടറി കടക്കാരന് കിട്ടുന്നത് 200 രൂപ.

വന്‍കിട ലോട്ടറി കച്ചവടക്കാര്‍ക്ക് ദിവസം 20,000 രൂപ മുതല്‍ 30,000 രൂപ വരെ ലഭിക്കും. മിക്ക ദിവസവും എഴുത്ത് ലോട്ടറി അടിക്കാറില്ല. ഇതോടെ ടിക്കറ്റ് വില്‍പന നടത്താതെ തന്നെ കച്ചവടക്കാരന്റെ പെട്ടിയില്‍ വന്‍ തുക വീഴും. വേഗത്തില്‍ സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്ഥിരം ലോട്ടറിയെടുക്കുന്നവരില്‍ ഒരു വിഭാഗം ഇതിലേക്ക് തിരിഞ്ഞതോടെ തട്ടിപ്പുകളും വര്‍ദ്ധിച്ചു.

ഇത്തരത്തില്‍ തട്ടിപ്പ് വ്യാപകമായതോടെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയില്‍ ഇടിവ് വന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് കടുത്ത നടപടിയിലേക്ക് തിരിഞ്ഞത്.

എഴുത്ത് ലോട്ടറി വില്‍പ്പന നടത്തുന്നതായി പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ലോട്ടറി വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top