അനധികൃത മരംവെട്ട്; ഏലക്കുത്തകപ്പാട്ട ഭൂമിയില്‍ ഉള്‍പ്പെടെ മുറിച്ചത് 142 മരങ്ങള്‍

ഇടുക്കി: ചിന്നക്കലാലിലെ ഏലക്കുത്തകപ്പാട്ട ഭൂമിയില്‍ നിന്ന് ഉള്‍പ്പടെ അധികൃതമായി മുറിച്ച് മാറ്റിയത് 142 മരങ്ങള്‍. മരം മുറിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. നേരത്തെ ഒന്നേകാല്‍ ലക്ഷം പിഴ മാത്രമാണ് വനം വകുപ്പ് ഇവര്‍ക്ക് ചുമത്തിയിരുന്നത്.

ചിന്നക്കനാല്‍ മുത്തമ്മാല്‍ കോളനിക്ക് സമീപമുള്ള തൃശൂര്‍ സ്വദേശിയുടെ പേരിലുള്ള പട്ടയഭൂമി, ഏലക്കുത്തക ഭൂമി എന്നിവയില്‍ നിന്ന് ഉള്‍പ്പടെയാണ് മരങ്ങള്‍ മുറിച്ചത്. മാര്‍ച്ച് 17 ന് ഇവിടെ പരിശോധന നടത്തിയ വനപാലകര്‍ 95 മരങ്ങള്‍ മുറിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കേവലം ഒന്നേകാല്‍ ലക്ഷം രൂപ പിഴ മാത്രമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

പിന്നീട് ഇന്നലെ ഡി.സി.എഫ് ചുമതലപ്പെടുത്തിയ സംഘം ഇവിടെ പരിശോധന നടത്തിയപ്പോഴാണ് 142 മരങ്ങളാണ് മുറിച്ചതെന്ന് കണ്ടെത്തിയത്. മരം മുറിച്ചവരെ അറസ്റ്റ് ചെയ്യും എന്നാണ് ഇപ്പോള്‍ വനപാലകര്‍ അറിയിക്കുന്നത്. നേരത്തെ റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

പട്ടയഭൂമിയും കുത്തകപ്പാട്ട ഭൂമിയും തിട്ടപ്പെടുത്തുന്നതിനാണ് റവന്യു സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. മരം മുറിച്ചത് മൂന്ന് പേരാണെന്ന് കണ്ടെത്തയിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് ഇപ്പോള്‍ വനപാലകര്‍ അറിയിച്ചിരിക്കുന്നത്.

 

Top