സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ഇന്ധനം വാങ്ങിക്കൂട്ടിയാല്‍ ഒരു വര്‍ഷം വരെ തടവ്

fuel

കൊച്ചി: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് ഇന്ധന ക്ഷാമമെന്ന വ്യാപക പ്രചരണം നിലനില്‍ക്കെ ആളുകള്‍ വന്‍തോതില്‍ പെട്രോളും ഡീസലും വാങ്ങിക്കൂട്ടുകയാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ധനപ്രതിസന്ധിയില്ലെന്നും ആളുകള്‍ അനാവശ്യമായി പെട്രോള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് ഇന്ധനം വാങ്ങിക്കൂട്ടിയാല്‍ ദുരന്ത നിവാരണ നിയമ പ്രകാരം ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു.

പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം വാങ്ങിക്കുന്നതിനാല്‍ പൊലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തകരുടെയും വാഹനങ്ങളില്‍ പെട്രോള്‍ നിറയ്ക്കാനുള്ള സാഹചര്യമില്ലാതാകുകയാണെന്ന് കേരളാ സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് പമ്പ് ഉടമകള്‍ക്ക് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കൊച്ചിയിലെ റിഫൈനറി പൂര്‍ണമായും സുരക്ഷിതമാണെന്നും സംസ്ഥാനത്ത് ഇന്ധനപ്രതിസന്ധി ഇല്ലെന്നും ബിപിസിഎല്ലും വ്യക്തമാക്കി. റിഫൈനറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണഗതിയില്‍ നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഗതാഗത തടസ്സം മൂലം ചരക്കുനീക്കത്തില്‍ ചെറിയ പ്രശ്‌നമുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ അത് മാറുമെന്നും പരിഭ്രാന്തരാകരുതെന്നും ബിപിസിഎല്‍ കേരളാ റീടെയില്‍ വിഭാഗം മേധാവി വെങ്കിട്ടരാമ അയ്യര്‍ പറഞ്ഞു.

Top