Illegal arrest; Shah Jahan’s family against police and moved to legal action

തിരുവനന്തപുരം: പൊലീസ് അറസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കെ എം ഷാജഹാന്റെ കുടുംബം ഒരുങ്ങുന്നു.

തികച്ചും അന്യായമായ അറസ്റ്റാണ് നടന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.നിരവധി പൊതു പ്രശ്‌നങ്ങളില്‍ ഇടപെട്ടു വരുന്ന ഷാജഹാനെ പിടികൂടി ജാമ്യമില്ലാ വകുപ്പ് പ്രകാരം തുറങ്കിലടച്ചതും പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നത്.

ഷാജഹാന്‍ ജാമ്യത്തിലറങ്ങിയതിനു ശേഷം നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം.

നേരത്തെ ഷാജഹാന്റെ അറസ്റ്റിനെതിരെ ശക്തമായി രംഗത്തു വന്ന അമ്മ എല്‍.തങ്കമ്മ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.

സമരം ആരംഭിച്ച് അര മണിക്കൂറിനു ശേഷമാണ് ഷാജഹാന്‍ സ്ഥലത്ത് എത്തിയതെന്നാണ് അമ്മ പറയുന്നത്. പക വീട്ടലാണ് നടന്നതെന്നാണ് ആക്ഷേപം.

ആരുടെയും കാലുപിടിക്കാനില്ലെന്നും മകന് ജാമ്യം കിട്ടിയില്ലെങ്കില്‍ ക്ലിഫ് ഹൗസിന് മുമ്പില്‍ നിരാഹാരമിരിക്കുമെന്നും ഷാജഹാന്റെ അമ്മ അറിയിച്ചു.

അതേസമയം വിവാദ സ്വാമി ഹിമവല്‍ ഭദ്രാനന്ദ സമരം നടക്കുന്നുണ്ടെന്ന് പോലും അറിയാതെയാണ് പൊലീസ് ആസ്ഥാനത്തെത്തിയതെന്ന വാദവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ മുന്‍പ് പൊലീസ് സ്റ്റേഷനില്‍ തോക്കുമായി ചെന്ന് ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയ തോക്ക് സ്വാമിയെ ‘ജാഗ്രതയോടെ ‘ കൈകാര്യം ചെയ്തതില്‍ തെറ്റില്ലന്ന നിലപാടിലാണ് ഉന്നത പൊലീസുദ്യോഗസ്ഥര്‍.

Top