പിൻവാതിൽ നിയമനം; നടക്കുന്നത് സംഘടിതമായ വ്യാജ പ്രചാരണം: എംബി രാജേഷ്

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളെന്ന പേരിൽ നടക്കുന്നത് സംഘടിതമായ വ്യാജ പ്രചാരണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം മേയറുടേതെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ കത്താണ്. അതിൽ മേയർ പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും പുകമറ സൃഷ്ടിക്കാനും സംഘടിതമായ ശ്രമം കഴിഞ്ഞ കുറേക്കാലമായി നടന്നു വരികയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ആരംഭിച്ചതാണ് ഈ പരിശ്രമങ്ങളെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതിശയോക്തിയും അതിവൈകാരികതയും ചേർത്ത് അവതരിപ്പിക്കുന്നു. ഉദ്യോഗാർത്ഥികളോട് അനീതി ചെയ്‌തെന്ന് വിശ്വസിപ്പിക്കാൻ ശ്രമം നടക്കുന്നു. ഇത് ജനം മുഖവിലക്കെടുക്കില്ലെന്ന് മന്ത്രി പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങൾ നടന്നുവെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. ഒന്നാം പിണറായി സർക്കാർ മുതൽ ഇതുവരെ എൽഡിഎഫ് സർക്കാർ ആറര വർഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങൾ നടത്തി. യുഡിഎഫ് സർക്കാരിന്റെ കാലത്തേക്കാൾ 18,000 കൂടുതലാണിത്. ബോർഡും കോർപറേഷനും അടക്കം 55 സ്ഥാപനങളിലെ നിയമനം കൂടി പിഎസ് സിക്ക് വിട്ടുവെന്ന് മന്ത്രി പറഞ്ഞു.

താൽകാലിക നിയമങ്ങൾക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അതിൽ സർക്കാർ ഇടപെടാറില്ല. മൂന്ന് തവണയാണ് തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ വിളിച്ചത്. അതെങ്ങനെ പിൻവാതിൽ നിയമനമാകും. നിയമനം വിവാദമായപ്പോഴാണ് തദ്ദേശ വകുപ്പ് ഇടപെട്ട് എംപ്ലോയ്‌മെന്റെ എക്‌സ്‌ചേഞ്ചിന് വിട്ടത്. അനധികൃത നിയമനം ഉണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരും. താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെ എല്ലാം ഓഡിറ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Top