മണാലിയില്‍ കാണാതായ ട്രക്കിംഗ് സംഘം സുരക്ഷിതരാണെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

ഷിംല: കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ട്രക്കിംഗിനു പോയവിനോദ സഞ്ചാരികള്‍ സുരക്ഷിതരെന്ന് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ അറിയിച്ചു. കുളുവിലെ ലാഹൗള്‍സ്പിതി പര്‍വത മേഖലയിലാണ് അമ്പതോളം പേരടങ്ങുന്ന സംഘം ട്രക്കിംഗിന് പോയിരുന്നത്.

ഇവരില്‍ 35 പേര്‍ റൂര്‍ക്കി ഐഐടി വിദ്യാര്‍ഥികളാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കുളുവിലെ ഹമാത്ത ട്രക്കിംഗ് മേഖലയില്‍നിന്നും മണാലിയിലേക്ക് തിരിക്കുവാണെന്ന് സംഘം അറിയിച്ചിരുന്നു. ഇതിനുശേഷം ഇവരുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

അതേസമയം നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ മണാലി ഒറ്റപ്പെട്ടിരിക്കുകയാണ്. വിനോദ സഞ്ചാര മേഖലയായ കുളുമണാലി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴക്കെടുതിയില്‍ ഹിമാചല്‍ പ്രദേശ്, പഞ്ചാബ് , ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി പന്ത്രണ്ടുപേര്‍ മരിച്ചിരുന്നു. ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പോക്കവും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Top