സര്‍ക്കാരിന്റെ അനാസ്ഥ; ഐഐടിയുടെ സ്ഥിരം ക്യാംപസിനായി അനുവദിച്ച തുക പാഴാകുന്നു

iit

പാലക്കാട്: ഐഐടിക്ക് സ്ഥിരം ക്യാംപസ് നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 1,315 കോടി രൂപ പാഴാകുന്നു. പുതുശ്ശേരി വെസ്റ്റ് വില്ലേജ് പരിധിയിലാണ് ക്യാംപസ് നിര്‍മ്മിക്കാനുള്ള സ്ഥലം കണ്ടെത്തിയത്. സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടില്ല. അതുകൊണ്ടു തന്നെ സ്ഥലമേറ്റെടുപ്പ് അനന്തമായി നീളുകയാണ്.

504 ഏക്കറില്‍ 396 ഏക്കര്‍ ഏറ്റെടുക്കാനാണ് തീരുമാനം. ക്യാംപസ് നിര്‍മാണത്തിന് 3,842 കോടി രൂപയാണു ചിലവു പ്രതീക്ഷിക്കുന്നത്. ആദ്യ ഗഡുവായി കഴിഞ്ഞ വര്‍ഷം 1,315 കോടി രൂപ അനുവദിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഈ തുക നഷ്ടപ്പെടും. സ്ഥലം പൂര്‍ണമായി ലഭിച്ചാലേ ഏറ്റെടുക്കൂ എന്നായിരുന്നു ആദ്യഘട്ടത്തില്‍ ഐഐടിയുടെ നിലപാടെങ്കിലും നടപടി വൈകുന്ന സാഹചര്യത്തില്‍ ഏറ്റെടുത്ത സ്ഥലമെങ്കിലും കൈമാറണമെന്നാണു ആവശ്യം.

സ്വകാര്യ വ്യക്തികളില്‍നിന്ന് ഏറ്റെടുക്കാന്‍ ബാക്കിയുള്ള 43ഏക്കറിന്റെ നടപടികള്‍ പുരോഗമിക്കുന്നേയുള്ളൂ. വനഭൂമിയില്‍നിന്ന് ഏറ്റെടുക്കുന്ന 44.5 ഏക്കറിനു പകരം ഇരട്ടി സ്ഥലം കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. താല്‍ക്കാലിക ക്യാംപസ് നിര്‍മാണം അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം മൂലം മന്ദഗതിയിലുമാണ്.

2015-ലാണ് ഐഐടിക്കായി സ്ഥലമെടുപ്പു നടപടികള്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥലം ഐഐടിക്കു കൈമാറുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നടപടികള്‍ നീണ്ടതോടെ ക്യാംപസിനു തറക്കല്ലിടാനുള്ള നീക്കങ്ങള്‍ വരെ മാറ്റിവച്ചു. മേനോന്‍പാറയില്‍ അഹല്യാ കോളജിന്റെ ക്യാംപസില്‍ മൂന്നു വര്‍ഷം മുന്‍പാണ് ഐഐടി പ്രവര്‍ത്തനം തുടങ്ങിയത്.

Top