മദ്രാസ് ഐഐടിയിലെ ബിരുദദാനച്ചടങ്ങ്; വിദ്യാര്‍ഥികള്‍ എത്തിയത് പരമ്പരാഗത വസ്ത്രമണിഞ്ഞ്

ചെന്നൈ: തിങ്കളാഴ്ച മദ്രാസ് ഐഐടിയില്‍ നടന്ന 56-മത് ബിരുദദാനച്ചടങ്ങില്‍ പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമണിഞ്ഞാണ് വിദ്യാര്‍ഥികള്‍ എത്തിയത്. സാധാരണയായി സര്‍വകലാശാല ബിരുദദാനചടങ്ങുകളില്‍ അണിയാറുള്ള നീളന്‍ ഗൗണും തൊപ്പിയും ഒഴിവാക്കാന്‍ ഐഐടി അധികൃതര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പാരമ്പര്യരീതിയിലുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ഥികളെത്തിയത്.

ആണ്‍കുട്ടികള്‍ വെള്ളയോ ക്രീമോ നിറത്തിലുള്ള ഷര്‍ട്ട്, കുര്‍ത്ത എന്നിവയ്ക്കൊപ്പം അതേ നിറത്തിലുള്ള ധോത്തി, പൈജാമ, പാന്റും പെണ്‍കുട്ടികള്‍ ഈ നിറത്തിലുള്ള സാരിയോ സല്‍വാര്‍ കമ്മീസോ ധരിച്ചെത്താനുമായിരുന്നു ഐഐടി അധികൃതര്‍ നിര്‍ദേശിച്ചത്.

ഇത് കൂടാതെ അംഗവസ്ത്രമെന്നറിയപ്പെടുന്ന ഷോളും ധരിക്കണമായിരുന്നു. ഇത് സര്‍വകലാശാല തന്നെ വിതരണം ചെയ്തിരുന്നു. ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യാതിഥികളും അധികൃതരും പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമണിഞ്ഞാണെത്തിയത്.

മോദി സര്‍ക്കാരിന്റെ കൈത്തറി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നയത്തെ അനുകൂലിച്ചാണ് വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തില്‍ മാറ്റം വരുത്താന്‍ സര്‍വകലാശാലാ അധികൃതര്‍ തീരുമാനിച്ചത്.

ബിരുദദാനച്ചടങ്ങ് പോലെയുള്ള പ്രത്യേക പരിപാടികളില്‍ കൈത്തറി വസ്ത്രം ഉപയോഗിക്കാന്‍ യുജിസി ജൂണില്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Top