‘നിങ്ങളുടെ നിശബ്ദത വിദ്വേഷം ശക്തിപ്പെടുത്തും’; പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി ഐഐഎം വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും. രാജ്യത്ത് വര്‍ധിച്ചു വരുന്ന വര്‍ഗീയ ആക്രമണങ്ങള്‍ക്കെതിരെയും വിദ്വേഷ പ്രസംഗത്തിനെതിരെയും സംസാരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിയുടെ നിശബ്ദത വിദ്വേഷ പ്രചരണത്തെ ശക്തിപ്പെടുത്തുന്നെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

‘മത, ജാതി സ്വത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള സമുദായങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും അക്രമത്തിനുള്ള ആഹ്വാനങ്ങളും അംഗീകരിക്കാനാവില്ല,’ കത്തില്‍ പറയുന്നു. ഇന്ത്യന്‍ ഭരണ ഘടന രാജ്യത്തെ ഒരു പൗരന് ഏത് മതത്തില്‍ വിശ്വസിക്കാനുമുള്ള അവകാശം നല്‍കുമ്‌ബോഴും രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും കത്തില്‍ പറയുന്നു.

നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ഒരു ഭയമുണ്ട്. അടുത്തിടെയുള്ള ദിവസങ്ങളില്‍ ചര്‍ച്ചുകള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെടുന്നു. നമ്മുടെ മുസ്ലിം സഹോദരീ സഹോദരന്‍മാര്‍ക്കെതിരെ ആയുധമെടുക്കാന്‍ ആഹ്വാനമുണ്ട്. ഇതെല്ലാം നടപടി ക്രമങ്ങളെ ഭയപ്പെടാതെയാണ് ചെയ്യുന്നത്,’ കത്തില്‍ പറയുന്നു. ഐഐഎം, അഹമ്മദാബാദ്, ഐഐഎം, ബംഗളൂരു എന്നിവിടങ്ങളിലെ 13 ഫാക്കല്‍റ്റി അംഗങ്ങളുള്‍പ്പെടെ 183 പേരാണ് കത്തില്‍ ഒപ്പു വെച്ചത്.

Top