പോലീസേ, പറ്റുമെങ്കില്‍ ഞങ്ങളുടെ ഷൂവിനെ അറസ്റ്റ് ചെയ്യൂ; ഐഐഎം വിദ്യാര്‍ത്ഥികള്‍

പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യത്ത് പലയിടത്തും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസ് വിലക്ക് ലംഘിച്ചും പ്രതിഷേധിക്കാന്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുകയും, അക്രമം കാണിക്കുന്നവര്‍ക്ക് നേരെ കര്‍ശനനടപടികളുമാണ് അധികൃതര്‍ സ്വീകരിച്ച് വരുന്നത്. ഇതോടെ നിരോധനാജ്ഞ ലംഘിക്കാന്‍ തീരുമാനിച്ച ബെംഗളൂരൂ ഐഐഎം വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമായ പ്രതിഷേധമാണ് പുറത്തിറക്കിയത്.

പോലീസ് വിലക്കും, സ്‌കൂള്‍ നേതൃത്വത്തിന്റെ അനുമതിയും ഇല്ലാതെയാണ് ഐഐഎംബി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ക്യാംപസിനുള്ളില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ഡീന്‍ എംഎസ് നരസിംഹന്‍ വിദ്യാര്‍ത്ഥികളെ ഇമെയില്‍ വഴി അറിയിച്ചു. വിവിധ സാമൂഹിക, വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചതോടെയാണ് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു 144 പ്രഖ്യാപിച്ചത്.

എന്നാല്‍ ഈ വിലക്കും, നിബന്ധനയുമെല്ലാം മറികടന്ന് നൂറോളം ഐഐഎം വിദ്യാര്‍ത്ഥികള്‍ ഏഴ് മണിക്ക് തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. ക്യാംപസിന് അകത്തും പുറത്തുമുള്ള വിലക്ക് മറികടക്കാന്‍ വിദ്യാര്‍ത്ഥികള്‍ സാമര്‍ത്ഥ്യം ഉപയോഗിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗെയ്റ്റിന് പുറത്ത് ചെരുപ്പുകള്‍ വെച്ചാണ് ഇവര്‍ പ്രതിഷേധം നടത്തിയത്.

ചെരുപ്പ് പുറത്തുവെച്ച് ക്യാംപസിന് അകത്ത് വിദ്യാര്‍ത്ഥികള്‍ പ്ലക്കാര്‍ഡുകള്‍ ഏന്തി പ്രതിഷേധത്തില്‍ പങ്കാളികളായി. അതേസമയം നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിന് വിരുദ്ധമായ നിലപാടും സ്വീകരിച്ചു.

Top