ഐ.എച്ച്.ആര്‍.ഡി അന്താരാഷ്ട്ര കോണ്‍ക്ലേവ് തിരുവനന്തപുരത്ത്; വിഷയം എ.ഐ

തിരുവനന്തപുരം: എഡ്യു അറ്റ് എഐ എന്ന പേരില്‍ തിരുവനന്തപുരം ഐഎംജിയില്‍ സെപ്റ്റംബര്‍ 30,ഒക്ടോബര്‍ ഒന്ന് തിയ്യതികളില്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് നടത്തുന്നു. നിര്‍മിത ബുദ്ധിയുടെ സാധ്യതകളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാന്‍ ഐഎച്ച്ആര്‍ഡിലായാണ് കോണ്‍ക്ലേവ് നടക്കുക. ഇതിന്റെ അറിയിപ്പായി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ:അരുണ്‍കുമാര്‍ വി.എയുടെ എഐ നിര്‍മിത വീഡിയോ ഉപയോഗിച്ചത് കൗതുകകരമായി. ആപ്പ് സ്റ്റോറില്‍ ലഭ്യമായ നിരവധി എഐ ആപ്പുകളിലൊന്ന് ഉപയോഗിച്ചാണ് ഈ വിഡിയോ നിര്‍മിച്ചത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് വേണ്ടി വിവര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് നടക്കുക. നിര്‍മിത ബുദ്ധിയുടെ പ്രാധാന്യവും അതിന്റെ സാധ്യതകളും അപകടങ്ങളും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ മനസിലാക്കുന്നതിന് വേണ്ടിയുള്ളതാണ് കോണ്‍ക്ലേവ്. അമേരിക്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും ഐഐടി, ഐഐഎസ്സി, ഐഐഎസ്ടി തുടങ്ങിയ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള വിദഗ്ധരുമുള്‍പ്പെടുന്നവര്‍ വിവിധ വിഷയങ്ങളില്‍ സംവദിക്കും.

ഒട്ടനവധി ആളുകള്‍ ഇന്ന് എഐ ആപ്പുകള്‍ വിവിധ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ചാറ്റ്ജിപിടി പോലുള്ളവ വിദ്യാര്‍ഥികള്‍ പഠനാവശ്യങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. സെമിനാറുകള്‍, ഹോംവര്‍ക്കുകള്‍, അസൈന്‍മെന്റുകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ നിര്‍മിത ബുദ്ധിയെ ആശ്രയിക്കുന്ന പ്രവണത വളരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഇതിനെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നാണ് കോണ്‍ക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. പഠന പ്രക്രിയ എളുപ്പത്തിലാക്കുന്ന ഇത്തരം ആപ്പുകളെ എങ്ങനെ ഉപയോഗിക്കണം, എന്തെല്ലാം നിയന്ത്രണങ്ങള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യുമെന്ന് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. അരുണ്‍കുമാര്‍ വി.എ പറഞ്ഞു.

Top