സമീര്‍ വാങ്ക്‌ഡെയ്ക്ക് വീണ്ടും തിരിച്ചടി; ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് നവാബ് മാലിക്കിനെ വിലക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

മുംബൈ: ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസ് അന്വേഷിച്ച എന്‍ സി ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്‌ഡെയ്ക്ക് ബോംബെ ഹൈക്കോടതിയില്‍ വീണ്ടും തിരിച്ചടി. സമീര്‍ വാങ്ക്‌ഡെയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് നവാബ് മാലിക്കിനെ വിലക്കാന്‍ സാധിക്കില്ലെന്ന് ബോബെ ഹൈക്കോടതി വ്യക്തമാക്കി.

സമീര്‍ വാങ്ക്‌ഡെയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് മഹാരാഷ്ട്ര മന്ത്രിയായ നവാബ് മാലിക്കിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ സി ബി ഉദ്യോഗസ്ഥന്റെ പിതാവ് ധ്യാന്‍ദേവ് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള ഇടക്കാല ഉത്തരവിലാണ് ജസ്റ്റിസ് മാധവ് ജംദാറിന്റെ വിധി.

സമീര്‍ വാങ്ക്‌ഡെയ്‌ക്കെതിരെ നവാബ് മാലിക്ക് നടത്തിയിട്ടുള്ള ആരോപണങ്ങളും ട്വീറ്റുകളും മന്ത്രിക്ക് എന്‍ സി ബി ഉദ്യോഗസ്ഥന്റെ മേലുള്ള വ്യക്തി വൈരാഗ്യം നിമിത്തം ഉള്ളതാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് മാധവ് ജംദാര്‍ ഉത്തരവില്‍ വ്യക്തമാക്കി. എന്നിരുന്നാലും നവാബ് മാലിക്ക് മഹാരാഷ്ട്ര മന്ത്രിയായതിനാലും സമീര്‍ വാങ്ക്‌ഡെയ്‌ക്കെതിരെ അദ്ദേഹം നടത്തിയ ആരോപണങ്ങള്‍ എന്‍ സി ബി ഉദ്യോഗസ്ഥന്റെ തൊഴിലുമായി ബന്ധപ്പെട്ടുള്ളത് ആയതിനാലും നവാബ് മാലിക്കിനെ പൂര്‍ണമായും വിലക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.

എങ്കിലും ഭാവിയില്‍ സമീര്‍ വാങ്ക്‌ഡെയ്‌ക്കെതിരെയോ കുടുംബത്തിനെതിരെയോ ഏതെങ്കിലും രീതിയിലുള്ള ആരോപണം ഉന്നയിക്കുന്നെങ്കില്‍ അതിന്റെ വസ്തുത പരിശോധിച്ച് ബോധ്യം വന്നതിനു ശേഷം മാത്രമേ ചെയ്യാവൂ എന്നും കോടതി നവാബ് മാലിക്കിനോട് നിര്‍ദ്ദേശിച്ചു.

സമീര്‍ വാങ്ക്‌ഡെ ഒരു മുസ്ലീം ആയിട്ടാണ് ജനിച്ചതെന്നും എന്നാല്‍ എന്‍ സി ബിയില്‍ ജോലി നേടുന്നതിന് വേണ്ടി എസ് സി വിഭാഗത്തില്‍പ്പെട്ട ഹിന്ദുവാണെന്ന് വ്യാജ രേഖയുണ്ടാക്കിയെന്നുമാണ് നവാബ് മാലിക്കിന്റെ ആരോപണം. ഈ ആരോപണം സാധൂകരിക്കുന്നതിന് വേണ്ടി നവാബ് മാലിക്ക് സമീര്‍ വാങ്ക്‌ഡെയുടേത് എന്ന് കരുതുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്ക് വച്ചിരുന്നു.

കഴിഞ്ഞ ദിവസം നവാബ് മാലിക്കിന്റെ മകള്‍ നിലോഫര്‍ സമീര്‍ വാങ്ക്‌ഡെയുടെ വിവാഹ ക്ഷണക്കത്ത് എന്ന് കരുതുന്ന രേഖയും ട്വിറ്ററില്‍ പങ്കു വച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നവാബ് മാലിക്കിന്റെ മകള്‍ നിലോഫറിന്റെ ഭര്‍ത്താവ് സമീര്‍ മാലിക്കിനെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് സമീര്‍ വാങ്ക്‌ഡെ അറസ്റ്റ് ചെയ്തിരുന്നു.

Top