ig suresh raj purohit – police – case

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് വാഹനമോടിപ്പിച്ച സംഭവത്തില്‍ വിവാദ വ്യവസായി നിഷാമിനെതിരെ കേസെടുത്ത പൊലീസ് ഐജിയുടെ മകനും സമാനമായ നിയമലംഘനം ആവര്‍ത്തിച്ചപ്പോള്‍ കേസെടുക്കാന്‍ മടിക്കുന്നതിനെതിരെ വിമര്‍ശനമുയരുന്നു. ഐജിക്കും നിഷാമിനും രണ്ട് നീതി ആകുന്നതെങ്ങനെയെന്നാണ് ആരോപണം.

ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക പൊലീസ് വാഹനമോടിച്ച സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23 അനുസരിച്ചും പൊലീസ് ആക്ട് 27 അനുസരിച്ചുമാണു കേസ് റജിസ്റ്റര്‍ ചെയ്യേണ്ടത്. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ആഡംബര കാര്‍ ഓടിച്ച് യൂ ട്യൂബില്‍ പ്രദര്‍ശിപ്പിച്ചതില്‍ രണ്ട് കേസുകളാണ് ഈ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്തത്.

തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഈ കേസുകളില്‍ വിചാരണ തുടങ്ങാനിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് ഡിജിപി സെന്‍കുമാറിന്റെ പ്രത്യേക സര്‍ക്കുലറുമുണ്ടായിട്ടും സംഭവത്തിന് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയുണ്ടാവാതിരുന്നതിന് കാരണം മേലധികാരികളുമായുള്ള പുരോഹിതിന്റെ ബന്ധമാണെന്ന് പറയുന്നു.

ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനു പുറമെ സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനം അനധികൃതമായി ഓടിച്ച് സര്‍ക്കാരിനു സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയിലും കേസെടുക്കേണ്ടതുണ്ട്. സംഭവം വിവാദമായതോടെ ആഭ്യന്തരമന്ത്രിയും ഡിജിപിയും അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും ഇതിന്റെ ഉത്തരവ് ഇതുവരെയും ഇറങ്ങിയിട്ടില്ല. കേസെടുക്കാതിരിക്കാന്‍ ഡല്‍ഹിയില്‍നിന്നു സമ്മര്‍ദമുണ്ടായതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

സംഭവത്തിനെതിരായ പൊതു താല്‍പര്യ ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും കേസെടുക്കുന്നത് ഹൈക്കോടതി ഇടപെട്ട് തടയുകയുണ്ടായി. അന്വേഷണം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍ നേരത്തെ കേരള കേഡറിലുണ്ടായിരുന്നയാളും ഇപ്പോള്‍ ഐബിയുടെ ഡല്‍ഹി മേലധികാരികളിലൊരാളുമായ ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടെന്നാണ് ആരോപണം.

ആഭ്യന്തരവകുപ്പ് ഉത്തരവിട്ട അന്വേഷണത്തിന് ഉത്തരവിറങ്ങാതിരുന്നതും ഹൈക്കോടതിയില്‍ ഐജിയുടെ വാദം എതിര്‍ക്കാന്‍ സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ ഹാജരാവാതിരുന്നതും ഇതുമൂലമാണെന്നാണ് ആരോപണം.

കീഴുദ്യോഗസ്ഥരോട് ക്രൂരമായി പെരുമാറുന്ന സുരേഷ് രാജ് പുരോഹിതിന്റെ പല നടപടികളും സേനയ്ക്കുള്ളില്‍ നേരത്തെ തന്നെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു. പൊലീസ് അക്കാദമിയുടെ ചുമതലയേറ്റ ശേഷം അക്കാദമി മെസില്‍ ബീഫ് നിരോധിച്ചതും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ മൂത്രമൊഴിക്കാന്‍ പോയതിന് സസ്‌പെന്‍ഡ് ചെയ്തതും വിവാദമായി.

Top