ഞങ്ങള്‍ നിയമം പാലിക്കാന്‍ ബാധ്യതയുള്ളവര്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകണം: ഐജി

ശബരിമല: മല ചവിട്ടുന്ന യുവതികള്‍ക്കെതിരായ പ്രതിഷേധം ഉയര്‍ത്തി നടപ്പന്തലില്‍ പ്രതിഷേധിക്കുന്നവരെ അനുനയിപ്പിക്കാന്‍ എസ്. ശ്രീജിത്ത്. കൂട്ടം കൂടി പ്രതിഷേധച്ചവരോട് നേരിട്ടെത്തി അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു.ഞങ്ങള്‍ നിയമം പാലിക്കാന്‍ എത്തിയവരാണെന്ന് പറഞ്ഞാണ് അദ്ദേഹം പ്രതിഷേധക്കാരോട് സംസാരിച്ച് തുടങ്ങിയത്. ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ എത്തിയവരല്ല. ഞങ്ങളും അയ്യപ്പ വിശ്വാസികള്‍ തന്നെ. നിയമത്തിന്റെ നിയോഗം നടപ്പാക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ട്.

നിങ്ങളെ ആരെയും ചവിട്ടിയരച്ച് ഇവിടെ ഒന്നും സംഭവിക്കില്ല. നിങ്ങളുടെ വിശ്വാസം മാത്രം സംരക്ഷിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ വികാരം മാനിക്കുന്നു. അതുകൊണ്ടാണ് പടച്ചട്ട ഊരിവച്ചത്. നിങ്ങളെ ഉപദ്രവിച്ച് മുന്നോട്ട് പോകണമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.നിങ്ങള്‍ സമാധാനമായി പിരിഞ്ഞ് പോകണമെന്ന് ശ്രീജിത്ത് പറഞ്ഞു. എന്നാല്‍, സമാധാന സന്ദേശവുമായെത്തിയ ഐജിയുടെ വാക്കുകള്‍ കേള്‍ക്കാതെ പ്രതിഷേധക്കാര്‍ വീണ്ടും ശരണമന്ത്രങ്ങളുമായി പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തി. പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിക്കുകയാണ് ഐജി.

രണ്ട് യുവതികളാണ് ഐ.ജി ശ്രജീത്തിന്റെ നേതൃത്വത്തില്‍ പൊലീസ് അകമ്പടിയോടെ മലകയറുന്നത്. ഹൈദരാബാദില്‍ നിന്നുള്ള മോജോ ജേര്‍ണലിസ്റ്റ് കവിതയും മറ്റൊരു യുവതിയുമാണ് മലകയറുന്നത്. പമ്പയില്‍ നിന്നും പുറപ്പെട്ട ഇവരുടെ യാത്ര നടപ്പന്തലിലെത്തി.

Top