വൈദികര്‍ക്കെതിരായ കേസ്: അന്വേഷണത്തിന് എല്ലാ സഹായങ്ങളും കാതോലിക്ക ബാവ വാഗ്ദാനം ചെയ്തതായി ഐജി എസ് ശ്രീജിത്ത്

sreejithig

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണ കേസിന്റെ അന്വേഷണത്തിന് സഹകരിക്കുമെന്ന് കാതോലിക്ക ബാവ. എല്ലാ സഹായവും പരിശുദ്ധ കാതോലിക്ക വാഗ്ദാനം ചെയ്‌തെന്ന് ഐജി എസ് ശ്രീജിത്ത് പറഞ്ഞു. അന്വേഷണം നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന് കാതോലിക്ക ബാവ പറഞ്ഞതായും ഐജി വെളിപ്പെടുത്തി.

ഇതിനിടെ വൈദികര്‍ക്കെതിരെ പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം രണ്ട് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മാറ്റിവെച്ചു. നാളെ വരെ അറസ്റ്റ് തടയണമെന്നായിരുന്നു വൈദികരുടെ ആവശ്യം.

ലൈംഗിക അപവാദക്കേസില്‍ നാല് വൈദികര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗമടക്കം രണ്ടു കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. വൈദികരായ എബ്രഹാം വര്‍ഗീസ്(സോണി), ജെയ്‌സ് കെ. ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ച് വൈദികര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരുന്നത്.

Top