കലാപമായി പടരാതിരിക്കാന്‍ കാരണം ഐ.ജിയുടെ ചങ്കുറപ്പുള്ള നിലപാട് . . .

പത്തനംതിട്ട: ശബരിമല പ്രക്ഷോഭത്തില്‍ നുഴഞ്ഞ് കയറി കലാപമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ചടിയായത് ഐ.ജി മനോജ് എബ്രഹാമിന്റെ കര്‍ക്കശ നിലപാട്.നാമജപ പ്രതിഷേധം ഒരു വിഭാഗം ആക്രമണത്തിന് ഉപയോഗപ്പെടുത്തിയപ്പോള്‍ ആദ്യം കാഴ്ചക്കാരായ നിന്ന പൊലീസ് അറ്റാക്ക് ഫോഴ്‌സായി മാറിയത് ഐ.ജി നേരിട്ട് രംഗത്തിറങ്ങിയതോടെയാണ്.

കൃത്യമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തി വ്യക്തമായി പ്ലാന്‍ ചെയ്തായിരുന്നു ഐജിയുടെ ഓപ്പറേഷന്‍.വിശ്വാസികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുന്നത് വ്യാപകമായതോടെ പൊലീസ് നടപടി ഉന്നത ഉദ്യോഗസ്ഥര്‍ ആലോചിച്ചിരുന്നുവെങ്കിലും സെന്‍സിറ്റീവായ വിഷയത്തെ മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലപ്പത്ത് തന്നെ ആശങ്ക ഉണ്ടായിരുന്നു.

mi1

എന്നാല്‍ എന്തിനും ഏതിനും തരം കിട്ടിയാല്‍ പൊലീസിനെ കടന്നാക്രമിക്കുന്ന മാധ്യമങ്ങള്‍ പൊലീസ് നിയമം നടപ്പാക്കാന്‍ ശ്രമിച്ചാലും വിമര്‍ശനവുമായി രംഗത്തുവരുമെന്നും അത് മുഖവിലക്കെടുക്കേണ്ടതില്ലന്നുമുള്ള നിലപാടാണ് വിഷയത്തില്‍ പൊലീസ് സ്വീകരിച്ചത്.മാധ്യമങ്ങള്‍ക്ക് പ്രതിഷേധക്കാരില്‍ നിന്നും വ്യാപകമായി അടി കിട്ടിയതോടെ പൊലീസിനു കാര്യങ്ങള്‍ എളുപ്പവുമായി.പ്രതിഷേധക്കാരെ കാട്ടിലാണ് നേരിടേണ്ടത് എന്നതിനാല്‍ വ്യക്തമായ പ്ലാന്‍ തയ്യാറാക്കിയായിരുന്നു പൊലീസ് നീക്കം.

റേഞ്ച് ഐ.ജി തന്നെ നേരിട്ട് മുന്നില്‍ നിന്ന് അക്രമികളെ നേരിടാന്‍ ഇറങ്ങിയതോടെ പൊലീസ് നടപടികള്‍ക്ക് വേഗതയേറി.നിലയ്ക്കലില്‍ നിന്നും പമ്പയില്‍ നിന്നും പ്രക്ഷോഭകാരികളെ ഒറ്റയടിക്ക് നീക്കം ചെയ്യുന്നതിനും ക്രമസമാധാന പാലനം പൂര്‍ണ്ണമായും പൊലീസ് നിയന്ത്രണത്തിലാക്കാനും ഈ നടപടി മൂലം കഴിഞ്ഞു.

ഐ.ജി മനോജ് എബ്രഹാമിന് പുറമെ എ.ഡി.ജി.പി അനില്‍കാന്ത്, റൂറല്‍ എസ്.പി നാരായണന്‍ എന്നിവര്‍ പൊലീസ് ആക്ഷനു നേതൃത്വം നല്‍കി.തുടക്കത്തില്‍ ആക്ഷനു മടിച്ച് നിന്ന പൊലീസുകാര്‍ക്ക് ഐ.ജി നേരിട്ട് ഇറങ്ങിയതോടെയാണ് ആത്മവിശ്വാസം വര്‍ദ്ധിച്ചത്.ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ അരങ്ങേറിയെങ്കിലും സംഭവം കൈവിട്ട് പോകാതിരിക്കാന്‍ പൊലീസിനെ സഹായിച്ചത് ബുധനാഴ്ചയിലെ പൊലീസ് നടപടി തന്നെയായിരുന്നു.

SABARIMALA

SABARIMALA

പ്രക്ഷോഭകാരികളുടെ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും കലാപമായി പടരാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് കര്‍ശന നടപടി സ്വീകരിച്ചതെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്.പൊലീസ് നടപടിയുടെ പേരില്‍ ഐ.ജി മനോജ് എബ്രഹാമിനെ ഒറ്റതിരിഞ്ഞ് അധിക്ഷേപിക്കുന്ന ബി.ജെ.പി നേതാക്കളുടെ നടപടിക്കെതിരെയും സേനക്കകത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്.

ജാതി- മത- രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുടെ നിറം നോക്കി പൊലീസ് നടപടി സ്വീകരിക്കാതിരുന്നാല്‍ വലിയ കലാപമാണ് നാട്ടില്‍ ഉണ്ടാവുകയെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.അതേ സമയം ഐ.ജി മനോജ് എബ്രഹാമിന്റെ സാന്നിധ്യം പ്രതിഷേധക്കാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.ഈ ഓഫീസറുടെ മുന്‍കാല ചെയ്തികള്‍ തങ്ങള്‍ക്ക് നന്നായി അറിയാമെന്നാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്.

മുന്‍പ് കണ്ണൂരില്‍ ആര്‍.എസ്.എസ് – സി.പി.എം സംഘര്‍ഷം കലാപമായി പടര്‍ന്നപ്പോള്‍ അത് അടിച്ചമര്‍ത്തിയത് അന്ന് കണ്ണൂര്‍ എസ്.പി ആയിരുന്ന മനോജ് എബ്രഹാം ആയിരുന്നു. തിരുവനന്തപുരം എം.ജി കോളജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചപ്പോള്‍ കാമ്പസിനകത്ത് കയറി അക്രമകാരികളെ പിടികൂടാന്‍ ലാത്തി ചാര്‍ജജ് നടത്തിയതും സിറ്റി പൊലീസ് കമ്മീഷണറായിരുന്നു മനോജ് എബ്രഹാം നോരിട്ട് രംഗത്തിറങ്ങിയായിരുന്നു.ഒടുവില്‍ പൊലീസിനെ പിന്‍തിരിപ്പിക്കാന്‍ സോണല്‍ ഐജിയായിരുന്ന സെന്‍ കുമാറിനു തന്നെ നേരിട്ട് വരേണ്ടിയും വന്നു. ഈ കാര്യങ്ങള്‍ ഓര്‍ത്തെടുത്താണ് ബി.ജെ.പി നേതാക്കള്‍ മനോജ് എബ്രഹാമിനെതിരെ ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്.ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത കര്‍ക്കശക്കാരനായ ഐ.പി.എസ് ഓഫീസറായാണ് ഈ ഉദ്യോഗസ്ഥന്‍ സേനയില്‍ അറിയപ്പെടുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ ഹിന്ദുവിരുദ്ധ നിലപാട് നടപ്പാക്കാനുള്ള ദൗത്യവുമായാണ് ഐ.ജി മനോജ് എബ്രഹാം ശബരിമലയില്‍ എത്തിയിരിക്കുന്നതെന്ന ആരോപണവുമായി ശബരിമല കര്‍മ്മസമിതി രംഗത്ത് വന്നിട്ടുണ്ട്.സംഘപരിവാറാണ് കര്‍മ്മ സമിതിക്ക് നേതൃത്വം നല്‍കുന്നത്.കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ മനോജ് എബ്രാഹമിനെ തിരികെ വിളിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സമിതി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.ഭക്തജനങ്ങള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം. നിരപരാധികളായ അയ്യപ്പഭക്തന്മാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ മനോജ് എബ്രഹാമിന്റെ ഉള്ളിലുള്ള വര്‍ഗീയ വിദ്വേഷത്തിന്റെ പ്രതിഭലനമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുമാണ് അക്രമങ്ങള്‍ അരങ്ങേറിയതെന്ന് വീഡിയോ ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണെന്നും കര്‍മ്മ സമതി ചൂണ്ടിക്കാട്ടി.പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഐജി മനോജ് എബ്രഹാമിന്റെ വീട്ടിലേക്ക്് സംഘപരിവാര്‍ സംഘടനകള്‍ വെള്ളിയാഴ്ച്ച മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ പമ്പയില്‍ ഡി.ജി.പി പ്രത്യേക ചുമതല നല്‍കിയ ഐ.ജി ശ്രീജിത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയുടെ അടുത്ത സുഹൃത്താണെന്ന ആക്ഷേപവും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

റിപ്പോര്‍ട്ട്: എം വിനോദ്

Top